ലണ്ടന്‍ : കൊച്ചി- ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ യുകെ മലയാളിക്ക് ആകസ്മിക മരണം. ബ്രിട്ടനിലെ നോട്ടിങ്ങാമിന് സമീപം ഡെര്‍ബിഷെയറിലെ ഇല്‍ക്കിസ്റ്റണില്‍ താമസിക്കുന്ന ദിലീപ് ഫ്രാന്‍സിസ് ജോര്‍ജ് ആണ് നാട്ടില്‍നിന്നുള്ള മടക്കയാത്രക്കിടെ മരിച്ചത്. ഇന്നലെ രാവിലെ കൊച്ചിയില്‍നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എ1- 149 വിമാനത്തിലായിരുന്നു സംഭവം.
ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ഭാര്യ സോഫിയയ്ക്കു മുന്നിലേക്കെത്തിയത് നെഞ്ചകം പിളര്‍ക്കുന്ന മരണവാര്‍ത്തയായിരുന്നു. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ദിലീപിന് യാത്രക്കാരിലെ മെഡിക്കല്‍ പ്രഫഷണല്‍സിന്‍റെ സഹായത്തോടെ അടിയന്തര മെഡിക്കല്‍ സഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം ലണ്ടനിലേക്ക് പറക്കുന്നതിനിടെ തന്നെ എയര്‍ ഇന്ത്യയുടെ കൊച്ചിയിലെയും ലണ്ടനിലെയും ഓഫിസുകളിലേക്ക് അടിയന്തര സന്ദേശം ലഭിച്ചിരുന്നു.
അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമുണ്ടെന്നും യാത്രക്കാരന്‍റെ അടുത്ത ബന്ധുക്കളെ കണ്ടെത്തി വിവരം അറിയിക്കണമെന്നുമായിരുന്നു സന്ദേശം. വിമാനം ലാന്‍ഡുചെയ്തപ്പോഴേക്കും പോലീസിന്‍റെയും അംബുലന്‍സിന്റെയും സഹായം ആവശ്യമുണ്ടെന്നു സന്ദേശമെത്തിയതായാണ് വിവരം. ദിലീപിന്‍റെ മൃതദേഹം ഇപ്പോഴും ഹീത്രൂ വിമാനത്താവളത്തില്‍ തന്നെയാണുള്ളത്. പോലീസ് സഹായത്തോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കൂ. വിമാനത്തില്‍ വെച്ചുതന്നെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമായി വരും. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം നിര്‍മല കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. ആദ്യഭാര്യയുടെ മരണശേഷം പാകിസ്ഥാന്‍ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചു. മൂന്നു മക്കളുണ്ട്.