പള്ളിക്കൽ : ആനയടി ചെറുകുന്നം – ശൂരനാട് വടക്ക് കാഞ്ഞിരത്തുംകടവ് പാലം യാഥാർഥ്യമായില്ല. ചെറുകുന്നംഭാഗത്തുനിന്ന് വില്ലാടസ്വാമിക്ഷേത്രത്തിനുസമീപം പള്ളിക്കലാറ്റിലാണ് പാലം വരുമെന്ന് പ്രഖ്യാപനം നടത്തിയത്. പാലമില്ലാത്തതിനാൽ ജനം വലയുകയാണ്. കിലോമീറ്ററുകൾ അധികം സഞ്ചരിച്ച് ആനയടി പാലത്തിലൂടെയോ ചാത്താകുളം പാലം വഴിയോ വേണം ആളുകൾ മറുകരയിലെത്താൻ. ആറുവർഷം മുമ്പ് പാലത്തിനുവേണ്ടിയുള്ള ഫണ്ട് ബജറ്റിൽ വകയിരുത്തിയതായി നാട്ടുകാർ പറയുന്നു. ഇരുകരയിലും 21 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റി ഒരു വിവരവുമില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
പാലംവന്നാൽ പത്തനംതിട്ട ജില്ലയിലെ ചെറുകുന്നം, തെങ്ങമം, പള്ളിക്കൽ എന്നിവടങ്ങളിലെയും ശൂരനാട് വടക്ക് ആനയടി, കണ്ണമം, നടുവിലേമുറി എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിനാണ് പരിഹാരമാകുക. രണ്ട് പ്രദേശങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളാണുള്ളത്. വെള്ളത്തിന്റെ ലഭ്യത ഉള്ളതിനാൽ ചെറുകുന്നം ഭാഗത്തെ ഒട്ടേറെ കർഷകരാണ് ശൂരനാട് വടക്ക് ഭാഗത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെ സ്ഥലങ്ങളിലേക്ക് പോകാനും പാലം ഗുണകരമാണ്. ഇവിടത്തെ കടവിൽ വള്ളമില്ലാത്തതും വലിയ ബുദ്ധിമുട്ടാണ്. വേനൽക്കാലത്ത് വെള്ളം കുറവാകുന്ന സമയത്ത് ആറിന് കുറുകെ നടന്നാണ് ഇരുഭാഗങ്ങളിലേക്കും നാട്ടുകാർ പോകുന്നത്.
പാലമില്ലാത്തതിനാൽ തെങ്ങമത്തും ശൂരനാട്ടും പഠിക്കുന്ന കുട്ടികളും യാത്രാദുരിതത്തിലാണ്. രണ്ടുകിലോമീറ്ററോളം നടന്ന് വേണം ബസ്‌സ്റ്റോപ്പിലെത്താൻ. അതായത് 30 മീറ്റർ ദൂരം താണ്ടാൻ കുറഞ്ഞത് മൂന്നുംനാലും കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. ചക്കുവള്ളി-താമരക്കുളം റോഡിൽനിന്ന് കിഴക്കോട്ട് കാഞ്ഞിരത്തുംകടവ് വില്ലാടസ്വാമിക്ഷേത്രത്തിന് സമീപംവരെ നല്ല റോഡുണ്ട്. എന്നാൽ, മറുകരയിലെ ത്താൻ നിർവാഹമില്ലെന്ന് നാട്ടുകാർ പറയുന്നു.