തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്ക് മസ്റ്ററിങ് നിര്‍ബന്ധം. ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോര്‍ഡു പെന്‍ഷന്‍ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വൃദ്ധ ജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ കഴിയാത്തവര്‍ വിവരം അക്ഷയ കേന്ദ്രങ്ങളില്‍ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി മാസ്റ്ററിങ് നടത്തും.
കടുത്ത ധനപ്രതിസന്ധി മൂലം അര്‍ഹതയില്ലാത്തവരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് കീഴിലുള്ള 52.50 ലക്ഷം സാമൂഹിക സുരക്ഷാ പെന്‍ഷന്‍കാര്‍ക്കും ഏഴ് ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രതിമാസം നല്‍കുന്നതിന് 900 കോടി രൂപ ആവശ്യമാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ചെലവ് ഏകദേശം 770 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ചെലവ് ഏകദേശം 110 കോടി രൂപയുമാണ്.