ഗുവാഹത്തി: മഹാഭാരതത്തിലും ലവ് ജിഹാദ് സംഭവിച്ചെന്ന പരാമര്‍ശം നടത്തിയതിന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറഞ്ഞു. പരാമര്‍ശം വലിയ കോളിളക്കം സൃഷ്ടിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ മാപ്പ് പറഞ്ഞത്. പൊതുജനങ്ങളോട് ക്ഷമ ചോദിക്കാന്‍ അദ്ദേഹം വൈഷ്ണവ പ്രാര്‍ത്ഥനയും ആലപിച്ചു. ഗോലാഘട്ടിലെ ട്രിപ്പിള്‍ കൊലക്കേസ് ‘ലൗ ജിഹാദ്’ ആണെന്ന അസം മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിക്കവേയാണ് ബോറയുടെ പ്രതികരണം.
‘ശ്രീകൃഷ്ണന്‍ രുക്മിണിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചപ്പോള്‍ അര്‍ജുന്‍ സ്ത്രീ വേഷത്തില്‍ വന്നു. മഹാഭാരതത്തിലും ലൗ ജിഹാദ് ഉണ്ടായിരുന്നു,’ ബോറ പറഞ്ഞു. ഈ പരാമര്‍ശം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ രാത്രി തന്റെ മുത്തച്ഛന്‍ തന്റെ സ്വപ്നത്തില്‍ വന്നിരുന്നുവെന്നും പ്രസ്താവന തെറ്റാണെന്നും ഇത് സംസ്ഥാനത്തെ ജനങ്ങളെ വേദനിപ്പിച്ചുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം വരുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബോറ വ്യക്തമാക്കി.