അമ്പലപ്പുഴ : ശനിയാഴ്ച ഉച്ചയ്ക്കു ടെലിവിഷൻ വാർത്തകളിലൂടെയാണു ജന്മനാട്ടിൽ ബാലുവിന്റെ വേർപാട് അറിയുന്നത്. പുന്നപ്ര സ്വദേശി ബാലു അപകടത്തിൽപ്പെട്ടുവെന്നായിരുന്നു ആദ്യവിവരം. മരിച്ചതു നാടിന്റെ പ്രിയപുത്രൻ തന്നെയെന്നു നാട്ടുകാർക്കു വൈകാതെ മനസ്സിലായി. മതിലിനുപുറത്തു പകച്ചുനിന്നവർ ആലിശ്ശേരിൽവീട്ടിൽനിന്നുയർന്ന കൂട്ടനിലവിളി കേട്ടാണ് അകത്തേക്കോടിയെത്തിയത്. തിരുവനന്തപുരത്തുനിന്ന് ബാലുവിന്റെ സഹപ്രവർത്തകരാണു വീട്ടിൽ വിളിച്ചു വിവരം പറഞ്ഞത്. നിയന്ത്രണംവിട്ടു പൊട്ടിക്കരയുന്ന അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും മുന്നിൽ വിറങ്ങലിച്ചുനിൽക്കാനേ അവർക്കായുള്ളൂ. വൈകാതെ അച്ഛൻ സുരേഷും ബന്ധുക്കളും തിരുവന്തപുരത്തേക്കുതിരിച്ചു. നാട്ടുകാരും സുഹൃത്തുക്കളും പിന്നാലെപോയി.
ജനുവരിയിൽ പോലീസ് സേനയിൽ ചേർന്ന ബാലു സെപ്റ്റംബറിലാണു പരിശീലനം പൂർത്തിയാക്കിയത്. തിരുവനന്തപുരം എസ്.എ.പി. ബറ്റാലിയനിൽ കോൺസ്റ്റബിളായിട്ടായിരുന്നു നിയമനം. ധനതത്ത്വശാസ്ത്രത്തിൽ ബിരുദവും ബി ടെക്കും യോഗ്യതയുള്ള ബാലുവിന് എസ്.ഐ ആകാനായിരുന്നു മോഹം. ഡൽഹി പോലീസിൽ എസ്.ഐ തസ്തികയിലേക്കു യോഗ്യത നേടി പരിശോധന കഴിഞ്ഞുനിൽക്കുമ്പോഴാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ പൊലിഞ്ഞത്.
പോലീസ് ക്യാമ്പിൽ താമസിക്കുന്ന ബാലു ഒരുമാസം മുൻപാണ് വീട്ടിലെത്തി മടങ്ങിയത്. പ്ലസ്ടു വരെ പുന്നപ്ര സെയ്ന്റ് അലോഷ്യസ് സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. പത്തനാപുരം മുസലിയാർ കോളേജിൽനിന്നാണ് സിവിൽ എൻജിനിയറിങ് ബിരുദം നേടിയത്. നാട്ടിലെ പൊതുകാര്യങ്ങളിലെല്ലാം സജീവമായിരുന്ന ബാലു പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ പ്രധാനപ്രവർത്തകനായിരുന്നു. കരസേനയിൽ കമ്യൂണിക്കേഷൻ വിഭാഗത്തിൽ സുബേദാറായി വിരമിച്ചയാളാണ് അച്ഛൻ ഡി സുരേഷ്. അമ്മ അനിലാദാസ് (രാജി) റിട്ട. തഹസിൽദാറാണ്. അനുജൻ ബിനു ബിരുദവിദ്യാർഥിയാണ്.