റാന്നി: ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ വിദ്യാലയമുറ്റത്ത് നിറഞ്ഞ കൗതുകകാഴ്ചയായി എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ ബഷീർ ദിനാചരണം. ബഷീർ കഥാ പാത്രങ്ങളായ പാത്തുമ്മയും മജീദും സുഹറയും ഒറ്റക്കണ്ണൻ പോക്കറും ആയിഷയും മൂക്കനും ആനവാരി രാമൻ നായരും പൊൻകുരിശു തോമയും നാരായണിയുമൊക്കെ വേഷമിട്ട് കുട്ടികളും അധ്യാപകരും അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം കുട്ടികൾക്ക് അവിസ്മരണീയ അനുഭവമായി മാറി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളുടെ ആവിഷ്കാരം ശ്രദ്ധേയമായി.
100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെ പുനസൃഷ്ടിക്കുകയും കഥാ സന്ദർഭങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്. മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്. മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യആവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പങ്കു ചേർന്നു.
ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിച്ച് ബഷീറിനെ പുതു തലമുറയ്ക്ക് മുന്നിൽ ദൃശ്യവൽക്കരിക്കുന്നതായിരുന്നു ചിത്രീകരണം. വൈക്കം മുഹമ്മദ് ബഷീറിനെ കാണാനെത്തുന്ന ബഷീർ കഥാ പാത്രങ്ങളും ബഷീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അപൂർവ ദൃശ്യങ്ങളാണ് കുട്ടികൾ ചിത്രീകരിച്ചത്. ബഷീർ കൃതികളുടെ പ്രദർശനം കുട്ടികൾക്ക് മത്സരങ്ങൾ എന്നിവയും ബഷീർ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.