കൊച്ചി::ബിഷപ് പ്ലംബാനിയുടെ പ്രഖ്യാപനത്തില്‍ ക്രൈസ്തവ പാര്‍ട്ടി രൂപീകരിച്ച് കേരളം ഉറപ്പിക്കാനുള്ള ബിജെപിയുടെ മോഹത്തിന് തടസ്സങ്ങള്‍ ഏറെ. കേരളത്തില്‍ പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാനുള്ള നീക്കങ്ങള്‍ക്കുപിന്നില്‍ ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതാക്കളെ പങ്കെടുപ്പിക്കാതെയാണ് ഡല്‍ഹിയിലും എറണാകുളത്തുമായി പ്രധാന ചര്‍ച്ചകള്‍ നടന്നുവരുന്നത്. സ്വാഭാവിക റബ്ബറിന് 300 രൂപ ലഭിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടാല്‍, തിരഞ്ഞെടുപ്പില്‍ ‘അസ്വാഭാവിക’ നിലപാട് എടുക്കാമെന്നാണ് കേരളത്തിലെ പ്രബല ക്രിസത്യന്‍ വിഭാഗമായ സിറോ മലബാര്‍ സഭയുടെ തലശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം പുതിയ പാര്‍ട്ടിക്ക് കരുത്താണ്. എന്നാല്‍ നിലവിലെ നേതാക്കള്‍ക്ക് ജനകീയാടിത്തറയുണ്ടോ എന്നതാണ് സംശയം.
ബിജെപിയുടെ ദേശീയ നേതൃത്വമാണ് ചുക്കാന്‍ പിടിക്കുന്നത് എല്ലാത്തിനും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മറ്റ് ചില പ്രമുഖരും ഇതിനൊപ്പമുണ്ട്. ബിജെപി. ദേശീയ നേതൃത്വവുമായി അടുപ്പമുള്ള മധ്യകേരളത്തിലെ ബിഷപ്പിനൊപ്പം പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്ന നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരെ കണ്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിഷപ്പും അസം മുഖ്യമന്ത്രിയും അനൗദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുത്തതായാണ് വിവരം. ഭരണഘടനാപദവി വഹിക്കുന്ന രണ്ട് മലയാളി നേതാക്കളും സഭാനേതൃത്വവുമായി ബിജെപിക്കുവേണ്ടി ആശയവിനിമം നടത്തിയിരുന്നു. പാര്‍ട്ടി രൂപീകരണത്തിന് അപ്പുറം സഭകളെ ബിജെപിയുമായി അടുപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.
നേരത്തെ സിബിസിഐയുടെ പുതിയ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചര്‍ച്ചയില്‍ മാര്‍പ്പാപ്പയുടെ ഇന്ത്യ സന്ദര്‍ശനമാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രൈസ്തവ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചര്‍ച്ചയായി. ഇതിന്റെ തുടര്‍ച്ചയെന്നോണം താമരശ്ശേരി രൂപതയുടെ പരിപാടികളില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എത്തി. ഈ നീക്കമെല്ലാം ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ ഫലമായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരനും ഈ നീക്കങ്ങളില്‍ സജീവ പങ്കാളിയായിരുന്നു. ഇതിനൊപ്പമാണ് രാഷ്ട്രീയ പാര്‍ട്ടിയെന്ന ക്രൈസ്തവ നേതാക്കളുടെ ആശയവും മുന്നിലെത്തിയത്. ഏതായാലും ഉടന്‍ ഈ പാര്‍ട്ടി പ്രഖ്യാപിക്കില്ല. ചര്‍ച്ചകള്‍ ഇനിയും തുടരും.
ബിഷപ്പ് പ്ലാംപനിയുടെ പ്രഖ്യാപനത്തോടെ രാഷ്ട്രീയ പാര്‍ട്ടിയില്‍ പുതിയ സാധ്യതകള്‍ മുന്നിലുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്ന നേതാക്കളില്‍ ബിജെപി ദേശീയ നേതൃത്വത്തിന് വിശ്വാസമില്ല. ബിജെപിയുമായി ആദ്യചര്‍ച്ചകളിലുണ്ടായിരുന്ന ഒരു കേരള കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പിന്നീട് പിന്മാറി. തോമസ് ഉണ്ണിയാടനേയും സഹകരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താനില്ലെന്ന നിലപാട് തോമസ് ഉണ്ണിയാടന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇതും ബിജെപിയുടെ ക്രൈസ്തവ പാര്‍ട്ടിയെന്ന ലക്ഷ്യത്തിന് തിരിച്ചടിയാണ്. ബിഷപ്പ് പ്ലാപനിയുടെ റബ്ബര്‍ പ്രസ്താവന കാര്യങ്ങള്‍ മാറ്റി മറിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്.
രണ്ട് മുന്‍ എംഎല്‍എമാരും കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ടിക്കറ്റില്‍ എംപിയും എംഎല്‍എയുമായിരുന്ന മുതിര്‍ന്ന നേതാവും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമൊക്കെയുണ്ടെങ്കിലും ഇവര്‍ക്ക് വലിയ ജനകീയാടിത്തറയില്ലെന്ന വിലയിരുത്തലിലാണ് ബി എല്‍ സന്തോഷ്. അതുകൊണ്ടുതന്നെ കൂടുതല്‍ ചെറുഗ്രൂപ്പുകളെ ഒപ്പം ചേര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സഭയുമായി ബന്ധമുള്ള കര്‍ഷക സംഘടനയെ മുന്‍നിര്‍ത്തി ബിജെപി അനുകൂല നിലപാട് പ്രചരിപ്പിക്കും. കത്തോലിക്ക സഭയെ മാത്രമാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ മണ്ഡലങ്ങളില്‍ കത്തോലിക്ക വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. ആര്‍.എസ്.എസ്. ദേശീയ നേതാവ് ഇന്ദ്രേഷ്‌കുമാര്‍ പലതവണ കേരളത്തിലെ സഭാതലവന്മാരുമായി ചര്‍ച്ച നടത്തി. അതിനിടെ കേരള രാഷ്ട്രീയത്തില്‍ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ അലയൊലികള്‍ സൃഷ്ടിച്ചുകഴിഞ്ഞുവെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.
റബ്ബറിന്റെ വിലയിടിവിന്റെ കാരണമായി കര്‍ഷകരും സംഘടനകളും ചൂണ്ടിക്കാട്ടുന്ന ഒരു വിഷയമാണ് ഇറക്കുമതി ചുങ്കം. ഇറക്കുമതി ചുങ്കം ഉയര്‍ത്തിയാല്‍ റബ്ബറിന്റെ ആഭ്യന്തര വില ഉയരും. എന്നാല്‍ ലോക വ്യാപാര ഉടമ്പടി ഒപ്പിട്ടതിനാല്‍ 25 ശതമാനത്തിലധികം ചുങ്കം ഉയര്‍ത്താന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സ്വാഭാവിക റബ്ബറിന്റെ വില ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അസ്വാഭാവിക തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിന് ഭരണപരമായ തടസ്സങ്ങളും അതോടൊപ്പം ടയര്‍ ലോബിയുടെ സമ്മര്‍ദ്ദവും മറികടക്കേണ്ടതായിട്ടുണ്ട്.