തിരുവനന്തപുരം: കോണ്‍ഗ്രസ് സൈബര്‍ ടീമും കെപിസിസി മീഡിയാ സെല്‍ കോര്‍ഡിനേറ്ററും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി അനില്‍ ആന്‍റണിയും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് മുറുകുന്നു. കഴിഞ്ഞ ദിവസം അനില്‍ ആന്റണിയെ ഒന്നുമറിയാത്തയാള്‍ എന്ന് വിളിച്ച സൈബര്‍ ടീം, അനിലിന്‍റെ മറുപടിക്ക് ശേഷം രൂക്ഷ വിമര്‍ശനം വീണ്ടും ആവര്‍ത്തിച്ചു.
ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടി എന്ന തലക്കെട്ടില്‍ നല്‍കിയിരിക്കുന്ന പോസ്റ്റില്‍ അനിലിനെ രൂക്ഷമായിട്ടാണ് വിമര്‍ശിച്ചിരിക്കുന്നത്. അനിലിന്റെ ഔദാര്യം പറ്റിയല്ല കോണ്‍ഗ്രസ് സൈബര്‍ ടീം പ്രവര്‍ത്തിക്കുന്നതെന്നും ഒരു മാസം കൊണ്ട് ഒരു കോടി ആള്‍ക്കാരിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ത്ത എത്തിച്ച തന്തയ്ക്ക് പിറന്ന നിലപാടാണ് സൈബര്‍ ടീം സ്വീകരിച്ചതെന്നും പറയുന്നു.
താങ്കള്‍ കോണ്‍ഗ്രസിന്റെ കൊടി പിടിച്ച് തുടങ്ങുന്നതിനു മുന്‍പേ പാര്‍ട്ടിക്ക് വേണ്ടി സൈബര്‍ പോരാട്ടം തുടങ്ങിയ പേജ് ആണ് കോണ്‍ഗ്രസ് സൈബര്‍ ടീം എന്നും എ കെ ആന്റണി എന്ന തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നത് കൊണ്ടാണ് അനിലിന് മറുപടി പറയാത്തതെന്നും സൈബര്‍ ടീം പറയുന്നു. അനില്‍ ആന്റണിക്ക് മാത്രം ഒന്നും അറിയില്ല. എന്നും ഒരു വലിയ തിരഞ്ഞെടുപ്പ് നേരിടുമ്പോള്‍ 20 ദിവസം മുന്‍പ് വാര്‍ റൂം തുറന്ന താങ്കള്‍ വിഡ്ഢികളുടെ ലോകത്തിലെ കണ്‍വീനര്‍ ആണെന്ന് ഞങ്ങള്‍ തീര്‍ത്തു പറയുമെന്നും സൈബര്‍ ടീം വിമര്‍ശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം സൈബര്‍ ടീമാണ് വാഗ്വാദം തുടങ്ങിവെച്ചത്. ‘കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി എന്ന് അവര്‍ വിമര്‍ശിച്ചു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നതല്ല സൈബര്‍ പോരാട്ടം.
ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലതെന്നും പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും എന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.
സൈബര്‍ ടീമിനെതിരേ അനില്‍ ആന്റണി തൊട്ടുപിന്നാലെ രംഗത്ത് വന്നു. കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജ് അനൗദ്യോഗികവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമാണ് എന്നായിരുന്നു അനിലിന്റെ പ്രതികരണം. ഔദ്യോഗിക അംഗീകാരം നല്‍കാത്തതില്‍ അഡ്മിന്‍ നടത്തിയ പ്രതികാരമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും പറഞ്ഞു. ഇതിനുള്ള മറുപടിയായിട്ടാണ് സൈബര്‍ ടീം വീണ്ടും എത്തിയത്.
അനിൽ ആന്റണിക്ക് ഫേസ്‌ബുക്കിൽ ഇലക്ഷൻ, സാമൂഹിക പ്രശ്നങ്ങൾ പോസ്റ്റ് ചെയ്യാനുള്ള verified പെർമിഷൻ കിട്ടിയിട്ടുണ്ടെങ്കിൽ അത് സ്ക്രീൻ ഷോട്ട് ഇടണം. കുറഞ്ഞത് ഒരു മാസം എടുക്കുന്ന ഈ പ്രോസസ്സ് ഉണ്ടെങ്കിൽ മാത്രമേ ഇലക്ഷന് അനുബന്ധ പോസ്റ്റുകൾ പേജുകളിലൂടെ ബൂസ്റ്റ് ചെയ്യാൻ പറ്റൂ.