പൊന്നാനി: പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല. കാര്യമായ വരുമാനമില്ലാത്തതിനാൽ പരമ്പരാഗതമായി ഈ തൊഴിലിൽ ഏർപ്പെട്ടിരുന്ന പലരും മേഖലയിൽ നിന്ന് പിന്മാറിയിട്ടുണ്ട്. വിൽപ്പന കുത്തനെ കുറഞ്ഞതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് പൊന്നാനി കുംഭാര കോളനിയിലുള്ളവർ പരമ്പരാഗത മൺപാത്ര മേഖലയുമായ് മുന്നോട്ട് പോകുന്നവരാണ് ഇവിടെയുള്ളവരിൽ കൂടുതലും. ഇവിടെ നേരിട്ടെത്തി വാങ്ങിയും വീടുകൾ കയറിയുമാണ് ഇവിടെ മൺപാത്രങ്ങളുടെ കച്ചവടം പ്രധാനമായും നടന്നിരുന്നത്. ഇന്ന് അത്തരത്തിൽ വിൽപ്പന നടത്തുന്ന ആളുകൾ ഇവിടെ കുറവാണ്. മഴക്കാലമെത്തിയതോടെ വീടു കയറിയുള്ള കച്ചവടം നിലച്ചു. അസംസ്‌കൃത വസ്തുക്കൾക്കുള്ള വിലവർദ്ധനവും തിരിച്ചടിയാണ്.
വലിയ വില നൽകിയാലേ അസംസ്‌കൃത വസ്തുക്കളായ കളിമണ്ണും വിറകും വാങ്ങാനാവൂ. പൊന്നാനിയിലെ പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾ പ്രധാനമായും പട്ടാമ്പിയിൽ നിന്നാണ് കളിമണ്ണെത്തിക്കുന്നത്. ലോഡൊന്നിന് 20,000 രൂപയിലധികം വേണം. പലരും കളിമണ്ണ് ചുട്ടെടുക്കുന്നത് വിറകടുപ്പിലാണ്. വിറകിനും നല്ല ചെലവാണ്. മഴക്കാലത്ത് വെയിലത്ത് ചുട്ടെടുക്കാനും ബുദ്ധിമുട്ടുണ്ട്. മെഷീനിലാക്കാമെന്ന് കരുതിയാൽ ലക്ഷങ്ങൾ വേണ്ടിവരും. ഇതൊന്നും താങ്ങാനുള്ള സാമ്പത്തിക ശേഷി ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കില്ല. അദ്ധ്വാനത്തിനുള്ള വില പാത്രങ്ങൾക്ക് ലഭിക്കുന്നുമില്ല.