കൊച്ചി: പോലീസുകാർ മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ എന്ന് ഹൈക്കോടതി. കാലം മാറിയിട്ടും പോലീസ് മാറിയോ എന്നത് സംശയമാണെന്നും കോടതി പറഞ്ഞു. പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകനോട് എസ്ഐ മോശമായി പെരുമാറിയ സംഭവത്തിലെ പോലീസ് നിലപാടിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പരാമർശം. അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇത്തരത്തിൽ വിഡിയോ ചിത്രീകരിക്കുന്നത് ജോലിക്ക് തടസ്സമാകും എന്നായിരുന്നു പോലീസ് നിലപാട്. എല്ലാം രഹസ്യമായി ചെയ്യാനാണോ പോലീസ് ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. വിദേശ രാജ്യങ്ങളിൽ പൊലീസ് വാഹനത്തിൽ അടക്കം ക്യാമറയുണ്ടെന്നും പറഞ്ഞു.
ഒരു സ്ഥാനത്തിരുന്ന് താഴെയുള്ളവരെ അസഭ്യം പറയുന്നത് നീതീകരിക്കാനാവില്ല. പോലീസ് സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് എന്തിനാണ്. ഇത്തരം രീതികളെ അതീവ ഗൗരവത്തോടെയെ കാണാനാവൂ. വെല്ലുവിളി നിറഞ്ഞ ജോലിയാണ് പൊലീസിന്റേത്. അത് ഏറ്റെടുക്കാൻ തയ്യാറുള്ളവർ മാത്രമേ പോലീസ് ജോലി സ്വീകരിക്കാവൂ. ധാർഷ്ട്യമല്ല വിനയമാണ് വേണ്ടത്. മേലധികാരികളെ എടാ, പോടാ എന്നു വിളിക്കുമോ? വിളിച്ചാൽ വിവരം അറിയും. – കോടതി വ്യക്തമാക്കി.