കൊച്ചി : ഫോണെടുത്ത് ഗൂഗിളില്‍ രോഗ ലക്ഷണങ്ങള്‍ തിരയുന്ന ന ശീലം നിങ്ങള്‍ക്കുണ്ടോ? വെറുതേ തിരയുക മാത്രമല്ല ഗൂഗിളില്‍ അപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ വായിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും മാരകരോഗമുണ്ടെന്നും വിചാരിക്കുന്ന പതിവുണ്ടോ? ഉണ്ടെങ്കില്‍ സൂക്ഷിക്കണം. രോഗങ്ങള്‍ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന നോസോഫോബിയ, ഹെല്‍ത്ത് ആന്‍സൈറ്റി ഡിസോഡര്‍ തുടങ്ങിയ അവസ്ഥകൾ നിങ്ങള്‍ക്കുണ്ടാകാന്‍ സാധ്യതയുണ്ട്.
അല്‍പം ശ്രദ്ധയൊക്കെ ആരോഗ്യ കാര്യത്തില്‍ ഉണ്ടാകുന്നത് നല്ലതാണെങ്കിലും ഇത് അമിതമാകുമ്പോഴാണ് മേല്‍ പറഞ്ഞ അവസ്ഥകളിലേക്ക് എത്തുന്നത്. ഇത്തരക്കാര്‍ക്ക് എന്തെങ്കിലും പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടാല്‍ കൂടി വിശ്വാസമാകണമെന്നില്ല. അത് ലാബിന്‍റെ പ്രശ്നമാണെന്ന് ചിലപ്പോള്‍ പറഞ്ഞു കളയും. ഇടയ്ക്കിടെ ആവശ്യമില്ലാതെ ഡോക്ടറെ കാണാന്‍ പോകുന്നതും ഈ അവസ്ഥയുടെ പ്രതിഫലനമാണ്.
അര്‍ബുദം, എയ്ഡ്സ്, ഹൃദ്രോഗം പോലെ മാരകമായ എന്തെങ്കിലുമൊരു പ്രത്യേക രോഗം തനിക്കുണ്ടെന്ന അകാരണമായ ഭയത്തെ നോസോഫോബിയ എന്ന് വിളിക്കുന്നു. ഒന്നിലധികം രോഗങ്ങള്‍ കൊണ്ടു നടക്കുന്ന ഒരു സഞ്ചരിക്കുന്ന രോഗകൂടാരമാണ് താനെന്ന ചിന്തയും ഉത്കണ്ഠയും പുലര്‍ത്തുന്നതിനെ ഹെല്‍ത്ത് ആന്‍സൈറ്റി ഡിസോഡര്‍ എന്ന് വിളിക്കുന്നു. ഇത്തരത്തിലുള്ള അനാവശ്യ ഉത്കണ്ഠയും ഭയവും മൂലം ചില രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനെ സൊമാറ്റിക് സിംപ്റ്റം ഡിസോഡര്‍ എന്നു പറയുന്നു.
രോഗങ്ങള്‍ ജീവനെടുക്കുമോ എന്ന ഭയമാണ് രോഗികളെ പലരെയും ഭരിച്ചിരുന്നത്. ചില രോഗങ്ങളുടെ കുടുംബചരിത്രമോ മുന്‍പ് ഉണ്ടായിട്ടുള്ള തിക്തമായ എന്തെങ്കിലും രോഗപീഢയോ ആരോഗ്യ സംബന്ധമായ വാര്‍ത്തകളുടെ അമിതമായി വായനയോ നോസോഫോബിയക്ക് കാരണമാകാം. വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന രോഗമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു.
ഒരു പ്രത്യേക രോഗത്തെ കുറിച്ചുള്ള ആധിയല്ലാതെ പൊതുവേ തന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള അമിതമായ ഉത്കണ്ഠയാണ് ഹെല്‍ത്ത് ആന്‍സൈറ്റി ഡിസോഡറിന്‍റെ ലക്ഷണം. ഇത്തരക്കാര്‍ ചെറിയൊരു തൊണ്ടവേദനയെയും ഗ്യാസ് പ്രശ്നത്തെയും ഗുരുതരമായ വേറെന്തോ അസുഖമായി പര്‍വതീകരിക്കും. ചെറിയ തലവേദന വന്നാല്‍ അത് ബ്രെയ്ന്‍ ട്യൂമര്‍ ആണെന്ന നിഗമനത്തിലേക്ക് എത്താന്‍ ഇക്കൂട്ടര്‍ക്ക് ഒന്നോ രണ്ടോ ഗൂഗിള്‍ സേര്‍ച്ച് മതിയാകും.
സൊമാറ്റിക് സിംപ്റ്റം ഡിസോഡറില്‍ രോഗത്തെ കുറിച്ചുള്ള അനാവശ്യ ചിന്ത ചില ലക്ഷണങ്ങള്‍ തന്നെ രോഗിയില്‍ ഉണ്ടാക്കിയെന്നിരിക്കും. വേദന, ശ്വാസംമുട്ടല്‍, ക്ഷീണം എന്നിങ്ങനെ രോഗചിന്ത ചില ലക്ഷണങ്ങളായി ശരീരത്ത് പ്രതിഫലിക്കും. എന്നാല്‍ പരിശോധനകളില്‍ ഇവര്‍ക്ക് യാതൊരു പ്രശ്നമില്ലെന്ന് തെളിയുകയും ചെയ്യും. ഇവര്‍ പക്ഷേ അതിനെ അംഗീകരിക്കാനുള്ള സാധ്യത കുറവാണെന്ന് മാത്രം
ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടോ എന്ന് തിരിച്ചറിയാന്‍ ഇവ ശ്രദ്ധിക്കുക :
1. ഹൃദയമിടിപ്പ്, വയറ്റില്‍ നിന്ന് പോകല്‍ തുടങ്ങിയ സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളെ അമിതമായി വിലയിരുത്തല്‍.
2. ചെറിയ ജലദോഷമോ തൊണ്ടവേദനയോ വന്നാല്‍ തന്നെ ഭയം
3. പതിവായി രോഗലക്ഷണങ്ങള്‍ സ്വയം പരിശോധിക്കുന്ന സ്വാഭാവം
4. ആരോഗ്യത്തെ കുറിച്ച് എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കല്‍
5. ആരോഗ്യ പരിശോധന റിപ്പോര്‍ട്ടുകളിലൊന്നും തൃപ്തി ഇല്ലാത്ത അവസ്ഥ
6. നിങ്ങള്‍ക്ക് ഗുരുതരമായ എന്തോ രോഗമുണ്ടെന്ന് ഡോക്ടര്‍ കണ്ടെത്തി കളയുമോ എന്ന പേടിയില്‍ ഡോക്ടറെ കാണാനുള്ള വിമുഖത
7. മറുവശത്ത് രോഗമില്ലെന്ന് ഉറപ്പിക്കാന്‍ ഇടയ്ക്കിടെ ഡോക്ടറെ കാണാന്‍ പോകുന്ന ശീലം
8. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുമോ എന്ന പേടിയില്‍ ചില ആളുകളുടെ അടുത്തോ സ്ഥലങ്ങളിലോ പോകാതിരിക്കല്‍.