പത്തനംതിട്ട : മദ്യപിച്ച് സ്വകാര്യ ബസ്സ് ഓടിച്ച ഡ്രൈവറെ അടൂർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. നൂറനാട് കുടശ്ശനാട് കണ്ണങ്കരമുകൾ പടിഞ്ഞാറേ പാളവിളവീട്ടിൽ സുരേഷിന്റെ മകൻ രമേശ് (28 ) ആണ് അറസ്റ്റിലായത്. അടൂർ പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന ‘ഐശ്വര്യ പ്രൈവറ്റ് ബസ്സിലെ ഡ്രൈവറാണ് ഇയാൾ. ചൊവ്വ രാവിലെ 9.15 ന് അടൂർ കെ എസ് ആർ ടി സി ജംഗ്ഷനിലാണ് സംഭവം. ഓടുന്ന സമയത്തെചൊല്ലി രണ്ട് സ്വകാര്യ ബസ്സ് ജീവനക്കാർ തർക്കത്തിൽ ഏർപ്പെട്ടപ്പോൾ കെ എസ് ആർ ടി സി പോയിന്റിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് വിവരം ട്രാഫിക് മൊബൈലിനെ അറിയിച്ചു.
ഗ്രേഡ് എസ് ഐ അശോക് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷിച്ചപ്പോൾ ഒരു ബസ്സിലെ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. തൊട്ടുപിന്നാലെ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന്റെ സമയമെടുത്ത് ഓടുന്നതായി ഐശ്വര്യ ബസ്സിനെപ്പറ്റി പരാതിയുള്ളതായും ഇതുസംബന്ധിച്ചു ഇരുകൂട്ടരും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ഇക്കാര്യം പറഞ്ഞ് തോട്ടുപിന്നാലെ വന്ന ബസ്സിലെ ജീവനക്കാർ ഈ ബസ്സിലെ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ബഹളമുണ്ടാക്കുകയും ചെയ്തത് അറിഞ്ഞാണ് പോലീസ് ഇടപെട്ടത്. മദ്യപിച്ച് ബസ്സ് ഓടിച്ച രമേശിനെ കയ്യോടെ പിടികൂടി മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം അടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് അടൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഇയാൾ ഈ ബസ്സിലെ താൽക്കാലിക ഡ്രൈവറാണ്.