പത്തനംതിട്ട : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത നിലവാരത്തിൽ നവീകരിച്ച് നിർമ്മിക്കുന്ന ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ കൊടുമണ്ണിലെ മന്ത്രിയുടെ കെട്ടിടത്തിനു മുമ്പിൽ ഓടയുടെ നിർമ്മാണത്തിൽ ഇടപെട്ട് ഉദ്യോസ്ഥരെ ഭീഷണിപ്പെടുത്തി അലൈൻമെന്റിൽ മാറ്റം വരുത്തുവാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (ജൂൺ 22- ശനിയാഴ്ച്ച ) കൊടുമണ്ണിൽ സത്യാഗ്രഹ സമരം നടത്തും. രാവിലെ 10 -മണിക്ക് ആരംഭിക്കുന്ന സമരം കൊടുമൺ ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അനിൽ കൊച്ചു മൂഴിക്കൽ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിക്കും. കഴിഞ്ഞ ദിവസം ഇക്കാര്യം ഉയർത്തി കോൺഗ്രസ് നേതൃത്വത്തിൽ കൊടുമൺ പഞ്ചായത്തിൽ ഹർത്താൽ നടത്തിയിരുന്നു. ഇതിന്റെ തുടച്ചയായി രണ്ടാം ഘട്ടമായിട്ടാണ് പ്രതിഷേധ സത്യാഗ്രഹം നടത്തുന്നത്.
ഏഴംകുളം – കൈപ്പട്ടൂർ റോഡിന്റെ കൊടുമണ്ണിലുള്ള ആരോഗ്യ മന്ത്രിയുടെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മുമ്പിലെ ഓടയുടെ ഗതി മാറ്റുവാൻ അധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവം അങ്ങേ അറ്റം പ്രതിഷേധാർഹമാണെന്നും സി.പി.എം നേതാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സ്ഥലം എം.എൽ.എ കൂടിയായ ഡപ്യൂട്ടി സ്പീക്കർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ എന്നിവർ ചേർന്ന് നിർത്തി വയ്പ്പിച്ച ഓട നിർമ്മാണം സി.പി.എം ജില്ലാ സെക്രട്ടറിയുടേയും മന്ത്രിയുടെ ഭർത്താവിന്റേയും നേതൃത്വത്തിൽ പുന:രാരംഭിക്കുവാൻ നടത്തുന്ന നീക്കം അധികാര ദുർവിനിയോഗവും സ്വജന പക്ഷപാതകവും ആണെന്നും മന്ത്രി ഭർത്താവും ഗുണ്ടകളും ചേർന്ന് കോൺഗ്രസ് ഓഫീസ് നിലനില്ക്കുന്ന സ്ഥലം അളക്കുവാൻ ശ്രമം നടത്തിയത് നിയമ സംവിധാനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള അഹന്തയും ധാർഷ്ട്യവുമാണെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ നിർമ്മാണം നടക്കുന്ന റോഡിന്റെ യഥാർത്ഥ അലൈൻമെന്റ് പുന:സ്ഥാപിച്ച് റോഡ് പണികൾ എത്രയും വേഗം പൂർത്തീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നല്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്കി.