തുര്‍ക്കി; തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്പ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം മടങ്ങുന്ന നായ്ക്കള്‍ക്ക് വിമാനത്തില്‍ ഫസ്റ്റ് ക്ലാസ് യാത്ര! തുര്‍ക്കിയില്‍ നിന്ന് മടങ്ങുന്ന ഹീറോ റെസ്‌ക്യൂ നായ്ക്കള്‍ക്ക് അവരുടെ സേവനത്തിനുള്ള ആദരസൂചകമായാണ് ഒന്നാം ക്ലാസ് വിമാന യാത്ര നല്‍കിയതെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സ് പറഞ്ഞു. തുര്‍ക്കിയിലേക്കുള്ള യാത്രയില്‍ കാര്‍ഗോ ഹോള്‍ഡിലായിരുന്നു നായ്ക്കള്‍ക്ക് പ്രവേശനം.
വിജയകരമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നായ്ക്കളുടെ ആത്മാര്‍ത്ഥവും വീരോചിതവുമായ പ്രയത്‌നങ്ങളോടുകാണിക്കുന്ന ഏറ്റവും ചെറിയ പ്രവൃത്തി മാത്രമാണിതെന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. യുഎസ്, യുകെ, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ജര്‍മ്മനി, ഗ്രീസ്, ലിബിയ, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് തുര്‍ക്കിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നായ്ക്കളെ അയച്ചിരുന്നു.
ഫെബ്രുവരി 7 നായിരുന്നു 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലുമുണ്ടായത്. ഭൂകമ്പം നടന്ന് തൊട്ടടുത്ത ദിവസം തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നായ്ക്കളെ അയയ്ക്കുകയാണെന്ന് മെക്‌സികോ ആണ് ആദ്യം പ്രഖ്യാപിച്ചത്. 16 നായ്ക്കളുമായാണ് അന്ന് മെക്‌സിക്കോ സിറ്റിയില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന്. ഇതിന്റെ തുടര്‍ച്ചയായി വിവിധ രാജ്യങ്ങള്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ നായ്ക്കളെ അയച്ചു.