പത്തനംതിട്ട : ഇന്ന് ശബരിമല ദര്‍ശനം താല്‍ക്കാലികമായി നിരോധിച്ചു. പമ്പയിലും സന്നിധാനത്തും ശക്തമായ മഴ തുടര്‍ച്ചയായി പെയ്യുന്ന സാഹചര്യത്തിലും പമ്പാ ത്രിവേണി ഉള്‍പ്പടെ വെള്ളം കയറിയതിനാലും പമ്പാ ഡാം തുറക്കുന്നതിന് സാഹചര്യം ഉള്ളതിനാലും കക്കി ഡാം നിലവില്‍ തുറന്നിട്ടുള്ളതിനാലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിലേക്കായാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.
വിര്‍ച്വല്‍ ക്യു വഴി ബുക്ക് ചെയ്തു ശബരിമലയിലേക്ക് പുറപ്പെട്ടിട്ടുള്ളവര്‍ അതാതിടത് തന്നെ തുടരേണ്ടതും നിയന്ത്രണം പിന്‍വലിച്ചു 7 ദിവസത്തിനകം അവര്‍ക്ക് ദര്‍ശന സൗകര്യം ക്രമീകരിക്കുന്നതുമാണ്. നിലവില്‍ പമ്പയിലും സന്നിധാനത്തും ഉള്ള തീര്‍ഥാടകരെ അടിയന്തിരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതാണ്. യാതൊരു കാരണവശാലും തീര്‍ഥാടകര്‍ പമ്പാ നദിയിലോ കൈവഴികളിലോ ഇറങ്ങരുതെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.