ഇസ്ലാമബാദ് : കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി നൊബേല്‍ സമ്മാന ജേതാവും പാകിസ്ഥാനി വനിത വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകമാണെന്ന് മലാല യൂസഫ്‌സായ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം. ‘പെണ്‍കുട്ടികളെ ഹിജാബ് ധരിച്ച് സ്കൂളില്‍ പോകാന്‍ അനുവദിക്കാത്തത് ഭയാനകം. എന്ത് ധരിക്കണം എന്നതിന്റെ പേരില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് നിലനില്‍ക്കുന്നു. ഇന്ത്യന്‍ നേതാക്കള്‍ മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണം’- മലാല ട്വിറ്ററില്‍ കുറിച്ചു.
അതേസമയം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളും കോളേജുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ ട്വീറ്റ് ചെയ്തു. ഹിജാബ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജിലെ അഞ്ച് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസ് ഇന്നലെ പരിഗണിച്ച ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. വിദ്യാര്‍ഥികളോടും പൊതുജനങ്ങളോടും സമാധാനം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന്റെ വിവേകത്തിലും നന്മയിലും ഈ കോടതിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അത് പ്രയോഗത്തില്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ശ്രീപാദ് പറഞ്ഞു.