തിരുവനന്തപുരം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയായി. ഫിസിക്സ്, ഇക്കണോമിക്സ് എന്നിവയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. 28നാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 80 മൂല്യനിര്‍ണയ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുക. പ്രതിദിനം മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനെതിരെ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചിട്ടുണ്ട്.
ബോട്ടണി, സുവോളജി, മ്യൂസിക് വിഷയങ്ങളുടെ പേപ്പറുകള്‍ പ്രതിദിനം രണ്ട് സെഷനുകളിലായി 50 എണ്ണവും മറ്റു വിഷയങ്ങളുടേത് 34 എണ്ണവും മൂല്യനിര്‍ണയം നടത്തണമെന്നായിരുന്നു നിര്‍ദേശം. നേരത്തേ ഇതു യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് 44ഉം 30ഉം വീതമാക്കി കുറച്ചു. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് മൂന്നിനാണ് ആരംഭിക്കുന്നത്.
പ്രാക്ടിക്കലിന് അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മൂല്യനിര്‍ണയവും ക്രമീകരിച്ചിട്ടുണ്ട്. മേയ് 31ന് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ജൂണ്‍ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ ഈ മാസം 29ന് പൂര്‍ത്തിയാകും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ പൂര്‍ത്തിയായ ശേഷം മേയ് 10നാണ് മൂല്യനിര്‍ണയം തുടങ്ങുന്നത്.