ഡൽഹി: 27 വർഷത്തിനു ശേഷം 2023 ലെ ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 71ാമതു ലോകസുന്ദരി മത്സരമാണു ഇന്ത്യയിലേക്കു എത്തുന്നത്. മത്സരം ഈ വർഷം നവംബറിൽ നടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തീയതികൾ പ്രഖ്യാപിച്ചിട്ടില്ല. 1996 ലാണു ഇന്ത്യ അവസാനമായി ലോകസുന്ദരി മത്സരത്തിന് ആതിഥേത്വം വഹിച്ചത്. അത്തവണത്തെ ലോകസുന്ദരി കിരീടം റീത്ത ഫറിയയിലൂടെ ഇന്ത്യ കരസ്ഥമാക്കുകയും ചെയ്തു. ആറു തവണയാണ് ഇന്ത്യ ലോകസുന്ദരി പട്ടം ചൂടിയത്. റീത്ത ഫറിയ (1966), ഐശ്വര്യ റായ് (1994), ഡയാന ഹെയ്ഡൻ (1997), യുക്ത മൂഖി (1999), പ്രിയങ്ക ചോപ്ര (2000), മാനുഷി ചില്ലർ (2017) എന്നിവരാണു ഇന്ത്യയിലേക്കു ലോകകസുന്ദരി കിരീടം എത്തിച്ചത്.
ഒരുമാസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികള്‍ മാറ്റുരയ്ക്കും. നിരവധി മത്സരങ്ങളാണു മത്സരാർഥികൾക്കായി കാത്തിരിക്കുന്നത്. മിസ് വേൾഡ് ഓർഗനൈസേഷന്റേതിനു സമാനമായ മൂല്യങ്ങളുള്ള ഈ മനോഹര രാജ്യത്തുവച്ച് ലോകസുന്ദരി കിരീടം കൈമാറുന്നതിൽ വളരെ ആവേശത്തിലാണെന്നു നിലവിലെ ലോകസുന്ദരി കരലീന ബിയെലവ്സ്ക പറഞ്ഞു. ലോകസുന്ദരി മത്സരത്തിന്റെ പ്രചാരണത്തിനായി 2022 ലെ ലോകസുന്ദരി പോളണ്ടിന്റെ കരലീന ബിയെലവ്സ്ക നിലവിൽ ഇന്ത്യയിലാണുള്ളത്. ‘‘ലോകത്തിൽ വച്ചേറ്റവും ആതിഥ്യ മര്യാദയുള്ള രാജ്യമാണ് ഇന്ത്യ. രണ്ടാം തവണയാണു താനിവിടെ. വീടുപോലയാണ് തനിക്ക് ഇന്ത്യ’’. കരലീന ബിയെലവ്സ്ക പറഞ്ഞു.