കോഴഞ്ചേരി : വാഹന തിരക്കേറിയ സ്ഥിരം പാതകള്‍ ഒഴിവാക്കി ശബരിമല പ്രത്യേക സര്‍വീസുകള്‍ നടത്തണമെന്ന് വീണ്ടും ആവശ്യം ഉയരുന്നു. ഇതിലൂടെ സമയ ലാഭമുണ്ടാകും. കെ.എസ്.ആര്‍.ടി.സി നിശ്ചയിച്ചിരിക്കുന്ന എണ്ണം യാത്രക്കാരുമായി പുറപ്പെടുന്ന വാഹനങ്ങള്‍ക്ക് പിന്നീട് പ്രധാന പാതകള്‍ മാത്രം ആശ്രയിക്കേണ്ടതില്ല. യാത്രക്കാര്‍ക്കും വാഹനത്തിനും ഇത് കൂടുതല്‍ സൗകര്യമാകും. ഇന്ധന ലാഭവും ലഭിക്കും. ചെങ്ങന്നൂര്‍, തിരുവല്ല സ്‌റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന വാഹനങ്ങള്‍ക്ക് പുതുതായി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന കോഴഞ്ചേരി-മണ്ണാറക്കുളഞ്ഞി റോഡ് വഴി പോകാന്‍ കഴിയും. എട്ട് കിലോമീറ്റര്‍ ദൂരം ഇതിലൂടെ ലാഭിക്കുവാന്‍ കഴിയും.
യാത്രാ സമയം, ഇന്ധനം, മറ്റ് ചെലവുകള്‍ എന്നിവയെല്ലാം നിയന്ത്രിക്കാന്‍ പുതിയ മാര്‍ഗം സ്വീകരിച്ചാല്‍ കഴിയും. പത്തനംതിട്ട- വടശേരിക്കര റൂട്ടിലെ ഗതാഗത തടസം ഒരു പരിധി വരെ കുറയ്‌ക്കാന്‍ ഇതിലൂടെ കഴിയും .പ്രധാന ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും പമ്പാ സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവും കാലങ്ങളായി അയ്യപ്പ ഭക്‌തരും വിവിധ സംഘടനകളും ഉയര്‍ത്തുണ്ട്. ചെങ്ങന്നൂരിന് പുറമെ ആറന്മുള, ഓമല്ലൂര്‍, തിരുവല്ല വലിയമ്പലം, അടൂര്‍, പന്തളം എന്നിവിടങ്ങളില്‍ നിന്നും അയ്യപ്പന്മാര്‍ക്കുള്ള ബസുകള്‍ ആരംഭിക്കുന്നത് കൂടുതല്‍ പ്രയോജനപ്പെടും. നിലക്കലില്‍ മാത്രം പാര്‍ക്കിംഗ് അനുവദിക്കുന്നതോടെ കൂടുതല്‍ പേര് കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുകയാണ്. പ്രധാന ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വീസ് നടത്തുന്നത് കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഗുണകരമാകും എന്നും ഭക്തജന സംഘടനകള്‍ പറയുന്നു.