കോഴിക്കോട്: പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്സിന്റെ കോഴിക്കോട്ടെ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. പാളയം ആനിഹാൾ റോഡിലെ ഷോറൂമിലാണ് ഇന്നലെ പുലർച്ചെ ആറോടെ തീപിടിത്തമുണ്ടായത്. ഷോറൂമിന്റെ ചുമരിൽ പതിച്ച പരസ്യബോർഡുകൾക്ക് തീപിടിച്ച് താഴേക്ക് പതിച്ച് പാർക്കിംഗ് ഏരിയയിലെ രണ്ട് കാറുകൾ കത്തിനശിച്ചു. അഗ്നിശമന സേനയുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. നിരവധി കച്ചവട സ്ഥാപനങ്ങളാണ് ഷോറൂമിന് സമീപം പ്രവർത്തിക്കുന്നത്. തൊട്ടടുത്തായി പെട്രോൾ ബങ്കുമുണ്ട്. കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നുമെത്തിയ 20 അഗ്നിശമന സേന യൂണിറ്റുകൾ മൂന്നുമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിഷു, റംസാൻ സീസൺ ആയതിനാൽ വൻ തോതിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ തീയണയ്ക്കാൻ ശ്രമം ആരംഭിക്കുകയും അഗ്നിശമന സേനയെ വിവരമറിയിക്കുകയുമായിരുന്നു. കെട്ടിടത്തിനകത്ത് വൻതോതിൽ തീയും പുകയും പടർന്നതിനാൽ ആദ്യഘട്ടത്തിൽ അഗ്നിശമന സേനയ്ക്ക് ഷോറൂമിന് അകത്തേക്ക് പ്രവേശിക്കാനായില്ല.
ഒരു മണിക്കൂറിലേറെ സമയം പുറത്തു നിന്ന് വെള്ളം ചീറ്റി തീ പടരാനുള്ള സാദ്ധ്യത ഇല്ലാതാക്കിയശേഷമാണ് അകത്തു കടന്ന് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ടാംനിലയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങൾ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം നടക്കുന്നതായി ജില്ലാ ഫയർ ഓഫീസർ കെ.എം.അഷ്രഫലി പറഞ്ഞു. കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി കളക്ടർ ഇ.അനിതകുമാരി, റീജിയണൽ ഫയർ ഓഫീസർ രജീഷ്.ടി , സി.പി.ബിജുരാജ് തുടങ്ങിയവരും സ്ഥലത്തെത്തി.