പത്തനംതിട്ട : കൊട്ടാരക്കര കലയപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ പത്തനംതിട്ട കുമ്പഴ സ്വദേശികളായ യുവാക്കള്‍ മരിച്ചു. കുമ്പഴയില്‍ മത്സ്യ മൊത്തവ്യാപാരം നടത്തുന്ന കുലശേഖരപതി പീരിഷാ പുരയിടം അഷറഫിന്റെ മകന്‍ റാഷിദ് (18), കുമ്പഴ ഹില്‍ പാര്‍ക്ക് ഹോട്ടലിനു മുമ്പില്‍ വാഴക്കുല മൊത്തവ്യാപാരം നടത്തുന്ന മേലേതില്‍ അക്ബറിന്റെ മകന്‍ അല്‍ ഫഹദ് (18) എന്നിവരാണ് മരിച്ചത്. റാഷിദ് സംഭവസ്ഥലത്തുവെച്ചും അല്‍ ഫഹദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. മരിച്ച അല്‍ ഫഹദിന്റെ സഹോദരന്‍ അല്‍ ഫാസ് (19) , വലംചുഴി ചരിവാരയില്‍ അജിത് കുമാറിന്റെ മകന്‍ ബിജിത്ത് (19) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരും പത്തനംതിട്ട തൈക്കാവ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.
രാത്രി 11 മണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ അടിച്ചു പുറത്തേക്കുവന്ന ജീപ്പില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഇടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായിട്ടാണ് ഇവര്‍ പത്തനംതിട്ടയില്‍ നിന്നും യാത്ര പോയത്. പാര്‍ട്ടി പരിപാടിയുമായി ബന്ധപ്പെട്ട് പോയതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.