തിരുവനന്തപുരം: കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ഷാനിമോള്‍ ഉസ്മാന്‍. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അടിയന്തരമായി ചേരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. മഹിളാ കോണ്‍ഗ്രസ്, കെഎസ്‌യു പുനഃസംഘടനയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്നാണ് ഷാനിമോള്‍ ആരോപിക്കുന്നത്. വീണ്ടും ജംബോ കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ടാണ് കെഎസ്‌യു ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ചത്.
കെഎസ്‌യു പുനഃസംഘടനയ്ക്ക് തൊട്ടുപിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുമുണ്ടായി. പിന്നാലെ കെപിസിസിയില്‍ നിന്ന് കെഎസ്‌യു ചുമതലയുള്ള നേതാക്കള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. വിടി ബല്‍റാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇരുവരും അറിയിച്ചു. കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന മാനദണ്ഡം മാറ്റി ജംബോ പട്ടിക തയ്യാറാക്കിയതിലാണ് നേതാക്കള്‍ക്ക് അതൃപ്തി. 25 അംഗ പട്ടിക മതി സംസ്ഥാന കെഎസ്‌യുവിനെന്ന് നിര്‍ബന്ധം പിടിച്ച ശേഷം 80 അംഗ പട്ടിക തയ്യാറാക്കിയതും കെഎസ്‌യു നേതൃത്വത്തില്‍ അവിവാഹിതര്‍ മാത്രം മതിയെന്ന നിബന്ധന മാറ്റിയതിലും നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.