ലക്‌നൗ: മാംസം കൈവശം വയ്ക്കുന്നത് ഗോവധ നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹാബാദ് ഹൈക്കോടതി. പിടിച്ചെടുത്തത് ഗോമാംസമെന്നു തെൡയിച്ചാല്‍ മാത്രമേ നിയമപ്രകാരം കേസ് നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി. യുപി ഗോവധ നിരോധന നിയമപ്രകാരം അറസ്റ്റിലായ യുവാവിനു ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. പിടിച്ചെടുത്തത് ഗോമാംസമോ ഗോമാംസ ഉത്പന്നമോ ആണെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മുപ്പതര കിലോ ഇറച്ചിയുമായി കഴിഞ്ഞ മാര്‍ച്ചിലാണ് ഇബ്രാന്‍ എന്നയാള്‍ പിടിയിലായത്.
ഇയാള്‍ക്കെതിരെ യുപി ഗോവധ നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുകയായിരുന്നു. മാംസം കൈവശം വച്ചു എന്നതിന് ഗോമാംസം വിപണനം ചെയ്തു എന്നര്‍ഥമില്ലെന്ന് ജസ്റ്റിസ് വിക്രം ഡി ചൗഹാന്‍ പറഞ്ഞു. പ്രതി ഗോഹത്യ നടത്തിയതായോ ഗോഹത്യയ്ക്കു കാരണമാവുന്ന പ്രവൃത്തി ചെയ്തതായോ തെളിയിക്കാനായിട്ടില്ല. പിടിച്ചെടുത്തത് ഗോമാംസമാണെന്ന ലാബ് റിപ്പോര്‍ട്ടും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു.