തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ടത് കെല്‍ട്രോണ്‍ ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെല്‍ട്രോണിന്റെ കരാര്‍ നല്‍കാന്‍ പ്രത്യേക ടെണ്ടറിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വര്‍ഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെല്‍ട്രോണിനാണ്. കെല്‍ട്രോണ്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അറിയിച്ചു.
എ ഐ ട്രാഫിക് ക്യാമറ പദ്ധതിയില്‍ അടിമുടി അഴിമതിയും ദുരൂഹതയുമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. കെല്‍ട്രോണിനെ മുന്‍നിര്‍ത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതില്‍ ക്രമക്കേട് ആരോപിച്ച ചെന്നിത്തല, കമ്പനികള്‍ക്ക് മുന്‍പരിചയമില്ലെന്നും കുറ്റപ്പെടുത്തി.