കണ്ണൂര്‍: വന്ദേ ഭാരത് ട്രെയിന്‍ സില്‍വര്‍ ലൈനിന് ബദലാവില്ല എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗുണനിലവാരമുള്ള പുതിയ ട്രെയിനുകള്‍ എന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല മലയാളിയുടെ അവകാശമാണെന്നും മന്ത്രി വ്യക്തമാക്കി. ധര്‍മ്മടം മണ്ഡലത്തിലെ കാടാച്ചിറ ടൗണ്‍ സൗന്ദര്യവല്‍ക്കരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേയ്ക്ക് ഏറ്റവും കൂടുതല്‍ വരുമാനം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിന് അനുയോജ്യമായ തരത്തില്‍ പുതിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ട്രെയിനുകള്‍ അനുവദിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണ്. എത്രയോ കാലത്തിനു ശേഷം ഇത്തരം ഒരു ട്രെയിന്‍ കേരളത്തിന് അനുവദിച്ചത് സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള പാത നവീകരിക്കാതെ വന്ദേ ഭാരത് ഉപയോഗപ്രദമാവില്ല. ജനശതാബ്ദി എക്സ്പ്രസ്സിന്റെ വേഗത്തില്‍ മാത്രമേ വന്ദേ ഭാരതിന് ഇപ്പോള്‍ സഞ്ചരിക്കാന്‍ കഴിയൂ. യഥാര്‍ത്ഥ വേഗത്തില്‍ സഞ്ചരിക്കണമെങ്കില്‍ നിലവിലുള്ള പാതയിലെ 600 ലധികം വളവുകള്‍ നികത്തേണ്ടതുണ്ട്. നിലവിലുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാതെ ഭൂമി ഏറ്റെടുത്ത് ഈ അവസ്ഥ പരിഹരിക്കാന്‍ ശ്രമിച്ചാല്‍ തന്നെ 10 മുതല്‍ 20 വര്‍ഷത്തിനുള്ളിലെ ഇത് സാധ്യമാകൂ. എന്നാല്‍ ഇത് നടപ്പാക്കാന്‍ ആവശ്യമായ സ്ഥിതി സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.