ആംസ്റ്റർഡാം : നെതര്‍ലന്‍ഡ്‌സ് താരം ഡാലി ബ്ലിന്‍ഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഓറഞ്ച് കുപ്പായത്തിൽ 108 മത്സരങ്ങൾ ബ്ലിൻഡ് കളിച്ചിട്ടുണ്ട്. 2014ലെ ഫിഫ ലോകകപ്പിൽ സെമിയിലും 2022ൽ ക്വാർട്ടറിലും എത്തിയ നെതർലാൻഡ്സ് ടീമിന്റെ ഭാഗമായിരുന്ന താരം. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായും ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിനായും ബ്ലിൻഡ് കളിച്ചിട്ടുണ്ട്. 34കാരനായ പ്രതിരോധ താരം പുതുതലമുറയ്ക്കായി വഴിമാറുന്നുവെന്നാണ് വിരമിക്കലിനോട് പ്രതികരിച്ചത്. മികച്ച കഴിവുള്ള ഒരുപിടി താരങ്ങൾ നെതർലാൻഡ്സ് ടീമിലേക്ക് കടന്നുവരുന്നുണ്ട്. ടീം പരിശീലകനുമായി താൻ സംസാരിച്ചു. ക്ലബിനും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കണം. ഓറഞ്ച് ജഴ്സിയിൽ 108 മത്സരങ്ങൾ വലിയ ബഹുമതിയാണ്. രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയിൽ ഈ നേട്ടം ഏറെ വിലപ്പെട്ടതാണെന്നും ബ്ലിൻഡ് വ്യക്തമാക്കി.
നെതർലാൻഡ്സ് ക്ലബ് അയാക്സ് എഫ് സിയിലാണ് ബ്ലിൻഡിന്റെ കരിയറിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി അയാക്സ് തുടർച്ചയായി നാല് തവണ ഡച്ച് ഫുട്ബോളിന്റെ ചാമ്പ്യന്മാരാകുമ്പോൾ ബ്ലിൻഡ് ക്ലബിന്റെ ഭാഗമായിരുന്നു. 2014ൽ താരം മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി. നാല് വർഷത്തിന് ശേഷം അയാക്സിൽ തിരികെയെത്തി. 2022ൽ ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിലെത്തിയ ബ്ലിൻഡ് ഇപ്പോൾ സ്പാനിഷ് ക്ലബ് ജിറോണയുടെ ഭാഗമാണ്.