കൊല്ലം : ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ). പരീക്ഷ നടന്ന സമയത്തോ അതിനുശേഷമോ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും എന്‍ടിഎ പ്രതികരിച്ചു. അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന അനുവദനീയമല്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. സംഭവം അറിഞ്ഞയുടന്‍ പരീക്ഷ കേന്ദ്രത്തിലുണ്ടായിരുന്നവരില്‍ നിന്ന് വിവരം തേടി. പരീക്ഷ കേന്ദ്രത്തിലെ സൂപ്രണ്ടും, നീരീക്ഷകരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു.
അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയിട്ടില്ലെന്നും ആരോപണം തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നുമാണ് പരീക്ഷാകേന്ദ്രം സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. അതേസമയം, പരിശീലനം കിട്ടാത്തവരാണ് വിദ്യാര്‍ത്ഥികളെ പരിശോധിച്ചതെന്നും ഇവരെയും കോളേജ് ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.