കുന്നന്താനം: ബേപ്പൂർ സുൽത്താൻ എന്ന് അപരനാമത്തിൽ അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 86-ാമത് ചരമദിനം കുന്നന്താനം ഗവൺമെന്റ് പാലയ്ക്കത്തകിടി ഹൈസ്കൂൾ വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ബഷീറിന്റെ കഥാപാത്രങ്ങൾക്ക് ജീവനേകിക്കൊണ്ട് കുട്ടികളുടെ റോൾപ്ലേ അരങ്ങിന് ഇരട്ടിമധുരമായി. ബഷീറായി നിറഞ്ഞാടിയത് ഒമ്പതാം ക്ലാസുകാരനായ മാസ്റ്റർ ജഗത് എസ് വാസുദേവ് ആണ്. പാത്തുമ്മയായി സ്കൂൾ അങ്കണത്തിൽ ആടിനെയും മേച്ചുകൊണ്ട് കാണികളെ ത്രസിപ്പിച്ചത് ഒമ്പതാം ക്ലാസുകാരി ലാവണ്യ പ്രതീപ് ആണ്. നിഷ്കളങ്കമായ പ്രണയത്തെ അതി മനോഹരമായ ചിരിയിലൂടെയും നാണത്തോടെയും സുഹ്റയെ അവതരിപ്പിച്ചത് ഒൻപതാം ക്ലാസ്സുകാരി അപർണ എ നായർ ആണ്. ചട്ടുകാലനായ അബൂബക്കർ എന്ന അബു നമ്മുടെ ബഷീറിന്റെ സ്വന്തം ഇളയ സഹോദരനായി വേദിയെ കയ്യിലെടുത്തത് ഒമ്പതാം ക്ലാസുകാരനായ അനന്തു ആയിരുന്നു.
തെളിഞ്ഞ തന്മയത്വത്തോടെ ആയിരുന്നു ഇവരുടെ പ്രകടനം. ഈ ഒരു കാഴ്ച എല്ലാ കുട്ടികളെയും അമ്പരപ്പിക്കുകയും അതോടൊപ്പം ആഹ്ലാദിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികളും കഥാപാത്രങ്ങളുടെ അടുത്തേക്ക് ഓടിയെത്തുകയും അവരോട് കുശലങ്ങൾ അന്വേഷിക്കുകയും ചെയ്തു. എല്ലാവർക്കും വളരെ കൗതുകം നിറഞ്ഞ നിമിഷം ആയിരുന്നു അത്. ബഷീറിനെയും ബഷീറിന്റെ കുടുംബത്തെയും പൊന്നനുജത്തിയായ പാത്തുമ്മയും അവളുടെ ആടും എല്ലാം എല്ലാം തന്നെ കുട്ടികൾക്ക് നേരിട്ട് കണ്ടതിൽ അതിലേറെ സന്തോഷം പകർന്നു. കുട്ടികളുടെ സന്തോഷത്തോടൊപ്പം അവരുടെ അധ്യാപകരും ഒത്തുചേർന്നു. എല്ലാവരും സുഹ്റയേയും മജീദിനെയും ബഷീറിനെയും പാത്തുമ്മയെയും നേരിൽ കണ്ടതിന്റെ സന്തോഷത്തിലാണ് തിരികെ വീട്ടിലേക്ക് മടങ്ങിയത്.
ചിത്രരചനയുടെ മികവു കാട്ടി പത്താം തരത്തിലെ നിരഞ്ജൻ, പ്രണവ്, മണിലാൽ എന്നിവർ ചേർന്ന് തയ്യാറാക്കിയ ബഷീർ ചിത്രം പരിപാടിക്ക് മാറ്റുകൂട്ടി. ബഷീർ ജീവിതരേഖ അടങ്ങിയ ചാർട്ട് ഒമ്പതാം ക്ലാസിലെ കുട്ടികളായ പാർത്ഥിപ്, അദ്വൈത്, അനന്തു, അപർണ, എസ്തർ, ലാവണ്യ, ജഗത്, എസ് വസുദേവ് സെബിൻ, അഫ്സൽ, വിശ്വനാഥൻ എന്നിവർ ചേർന്ന് തയ്യാറാക്കി. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തിക്കൊണ്ടുള്ള ‘പുസ്തക പരിചയം’ സ്കൂൾ വരാന്തയിൽ ക്രമീകരിച്ചു. അതിനോട് ചേർന്ന് കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പേപ്പറുകളും പ്രദർശിപ്പിച്ചു. ശേഷം എൽപി, യുപി, ഹൈസ്കൂൾ ഓരോ വിഭാഗങ്ങളാക്കി “ബഷീര്‍ ദി മാന്‍” എന്ന ഡോക്യുമെന്ററി ദൃശ്യാവിഷ്കരണം നടത്തി.
ബഷീർ ക്വിസ് എല്‍.പി, യു.പി, എച്ച്.എസ് എന്നീ വിഭാഗങ്ങളിലായി നടത്തി വിജയികളെയും തിരഞ്ഞെടുത്തു. ബഷീർ ദിന ക്വിസ് ഹൈസ്കൂൾ വിഭാഗം ഒന്നാംസ്ഥാനം അദ്വൈത് രവീന്ദ്രനാഥ് രണ്ടാം സ്ഥാനം ആര്‍. പാർവതിയും യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം ദിയ എസ്, രണ്ടാം സ്ഥാനം അനന്യ ബി എന്നിവരും എല്‍.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം :മിന ഫാത്തിമ, രണ്ടാം സ്ഥാനം സ്നേഹമോൾ എം. ബി എന്നിവരും കരസ്ഥമാക്കി. ഒരു ദിനം നീണ്ടു നിന്ന പരിപാടിയുടെ ആശയം ഹിന്ദി അദ്ധ്യാപികയായ രമ്യ കെ എസ്, ഷെമി നൗഷാദ് എന്നിവരുടെയാണ്. കൂടാതെ ഹെഡ്മാസ്റ്റർ ലിജുകുമാർ, അദ്ധ്യാപകരായ ജയ്മോൻ ബാബുരാജ്, വി പി നിധിൻ, റിയ ജോൺ, കാർത്തിക എസ് നായർ, ഷമീന എസ് ,വിദ്യ മോൾ, അമ്പിളി പി സി, ജിഷ പി ആർ, നിമ്മി എച് എ, ശ്യാമ , ജിഷാ മോൾ, രമ്യ. കെ. എസ്, ശ്രീജ. ടി. ബി, രജനി സി ആർ, സോണിയ ശിവാനന്ദൻ, രജനി മോൾ , സ്കൂൾ കൗൺസിലർ ആതിര പി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.