പത്തനംതിട്ട : പി എം എ വൈ (നഗരം) – ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ നഗരസഭാതല സംഗമം നടത്തി. നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ സംഗമം ഉദ്ഘാടനം ചെയ്തു. ഒരു കുടുംബം പോലും സ്വന്തമായി വീടില്ലാത്തവരായി അവശേഷിക്കരുത് എന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാടിനൊപ്പമാണ് നഗരസഭാ ഭരണസമിതി മുന്നോട്ട് പോകുന്നത്. സാമ്പത്തിക കാരണങ്ങളാൽ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ സന്നദ്ധ സംഘടനകളുടെ സഹായവും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൻ്റെ ലഭ്യതയും ഉപയോഗപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിരാ മണിയമ്മ, ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, നഗരസഭാ പ്രതിപക്ഷ നേതാവ് കെ ജാസിംകുട്ടി, കൗൺസിലർമാരായ വിമലശിവൻ, ശോഭ കെ മാത്യു, ആർ സാബു, അഡ്വ. എ സുരേഷ്കുമാർ, സി കെ അർജ്ജുനൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മശശി തുടങ്ങിയവർ പ്രസംഗിച്ചു. നഗരസഭാ സെക്രട്ടറി സുധീർ രാജ് ജെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭയിൽ എട്ട് ഡി പി ആറുകളിലായി 827 ഗുണഭോക്താക്കളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 750 ഗുണഭോക്താക്കൾ ബിൽഡിംഗ് പെർമിറ്റ് എടുക്കുകയും 732 പേർക്ക് കരാറിൽ ഏർപ്പെട്ട് ഒന്നാം ഗഡു തുക നൽകുകയും ചെയ്തിട്ടുണ്ട്. 509 കുടുംബങ്ങൾ ഭവന നിർമ്മാണം പൂർത്തിയാക്കി മറ്റുള്ളവ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. പദ്ധതിയുടെ നഗരസഭ വിഹിതമായി 13.86 കോടി രൂപയും കേന്ദ്ര- സംസ്ഥാന വിഹിതമായി 11.90കോടി രൂപയും ലഭ്യമാക്കിയിട്ടുണ്ട്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 624 ഗുണഭോക്താക്കൾക്ക് തൊഴിൽ കാർഡും 41212 തൊഴിൽ ദിനങ്ങളിലായി 86.4 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.
സാമ്പത്തിക – സാങ്കേതിക കാരണങ്ങളാൽ ഭവന നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സംഗമത്തിൽ അവസരം ഒരുക്കിയിരുന്നു. വിദ്യാഭ്യാസ കലാ-കായിക മേഖലകളിൽ ഉന്നത വിജയം കൈവരിച്ച ഗുണഭോക്തൃ കുടുംബങ്ങളിലെ കുട്ടികളെയും സംരംഭം ആരംഭിച്ച് വിജയം വരിച്ചവരെയും ചടങ്ങിൽ ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് കുടുംബശ്രീയുടെ നവജ്യോതി രംഗശ്രീ കമ്മ്യൂണിറ്റി തീയേറ്റർ അവതരിപ്പിക്കുന്ന സ്വപ്ന വീട് എന്ന നാടകം അരങ്ങേറി.