തിരുവനന്തപുരം: ആയുധപൂജയുടെ പേരില്‍ മാരകായുധശേഖരം പ്രദര്‍ശിപ്പിച്ച ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്കുമാണ് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര പരാതി നല്‍കിയത്. പരാതിയിന്‍മേല്‍ കേരള പോലീസ് പ്രതീഷ് വിശ്വനാഥിനെതിരേ നിയമനടപടി സ്വീകരിക്കാത്തപക്ഷം, ഇതുവരെ പ്രചരിപ്പിച്ച വര്‍ഗീയ വിഷ പ്രചാരണങ്ങളും കലാപാഹ്വാനങ്ങളും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്നും ശ്രീജ നെയ്യാറ്റിന്‍കര അറിയിച്ചു. പ്രതീഷ് വിശ്വനാഥിന്റെ ആയുധശേഖരം കണ്ടെത്താന്‍ സങ്കേതം റെയ്ഡ് ചെയ്യണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തില്‍ വര്‍ഗീയ കലാപാഹ്വാനവുമായി നിരവധി തവണ സാമൂഹിക മാധ്യമങ്ങളില്‍ സ്ഥിരമായി പ്രത്യക്ഷപ്പെടുന്ന ഒരാളാണ് ഹിന്ദു സേന നേതാവ് എന്നറിയപ്പെടുന്ന പ്രതീഷ് വിശ്വനാഥെന്നും പലരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നവരാത്രി പൂജയുടെ മറവില്‍ ആയുധ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആക്രമത്തിന് ആഹ്വാനം നല്‍കുകയാണിയാള്‍. ” ആയുധം താഴെവയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്താനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്. ”എന്നെഴുതി ആയുധങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്വന്തം ഫോട്ടോ പ്രദര്‍ശിപ്പിച്ച് പരസ്യമായി നടത്തിയ ഈ ക്രിമിനല്‍ പ്രവര്‍ത്തനത്തെ കണ്ടില്ലെന്നു നടിയ്ക്കുന്നത് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സുസ്ഥിരതയ്ക്ക് ഭീഷണിയാണ്. ആയതിനാല്‍ പ്രതീഷ് വിശ്വനാഥിന്റെ സങ്കേതം റെയ്ഡ് നടത്തി ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും വേണമെന്നാണ് പരാതിയില്‍ പറയുന്നത്.
ഇന്നലെ ആയുധപൂജയുടെ പേരിലാണ് തോക്കുകളും തിരകളും വാളുകളും ഉള്‍പ്പെടെ ഫേസ്ബുക്കിലൂടെ പ്രദര്‍ശിപ്പിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ ചര്‍ച്ചയായെങ്കിലും ഇത് കേരളത്തിലല്ലെന്നായിരുന്നു കേരള പോലിസ് ഒഫീഷ്യല്‍ പേജിലൂടെ മറുപടി നല്‍കിയത്. നേരത്തെയും മുസ് ലിംകളെ വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തിയും കലാപത്തിന് ആഹ്വാനം ചെയ്യുന്ന വിധത്തില്‍ പ്രതീഷ് വിശ്വനാഥ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു.