ഇടുക്കി: പീരുമേടില്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെതിരെയാണ് വകുപ്പ് തല നടപടി. പാമ്പനാര്‍ ടൗണിലെ ഒരു കടയില്‍ നിന്ന് പതിവായി പണം മോഷ്ടിച്ചെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയാണ് സസ്‌പെന്‍ഡ് ചെയ്തത്. കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗര്‍ പി. മധു.
സംഭവം നടന്ന നവംബര്‍ 24ന് കടയിലെത്തിയ സാഗര്‍ കടയുടമയോട് നാരങ്ങാവെള്ളം ചോദിച്ചു. ഉടമ ഇത് എടുക്കാന്‍ തിരിഞ്ഞ തക്കം നോക്കി പണപ്പെട്ടിയില്‍ നിന്ന് പണം കവരുകയായിരുന്നു. എന്നാലിത് ശ്രദ്ധിച്ച ഉടമ സാഗറിനെ പിടിച്ചുനിര്‍ത്തി. സംഭവം അറിഞ്ഞ് ആള്‍ക്കാര്‍ കൂടിയതോടെ പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചു. 40,000 രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. മുന്‍കൂറായി 5000 രൂപയും ഇയാള്‍ നല്‍കി. ഇതോടെ കടയുടമ പരാതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്നാല്‍ പോലീസിന് വഴങ്ങിയാണ് ഇയാള്‍ കേസ് നല്‍കാത്തതെന്നും ആക്ഷേപമുണ്ട്. മുമ്പ് ഈ കടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചിരുന്നു. ഇതിന് ശേഷമാണ് സാഗര്‍ സ്ഥിരമായി കടയില്‍ എത്താന്‍ തുടങ്ങിയത്.