പത്തനംതിട്ട : പോപ്പുലര്‍ ഫൈനാന്‍സ് തകര്‍ന്നതോടുകൂടി മിക്ക സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെയും നില പരുങ്ങലിലായി. നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിച്ചതാണ് കാരണം. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍നിന്നും പിന്‍വലിച്ചത് ആയിരക്കണക്കിന് കോടികളാണ്. ഇതെല്ലാം ഒഴുകിയെത്തിയത് പ്രധാനമായും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലും കേരളാ ബാങ്കിലും സര്‍ക്കാര്‍ ട്രഷറിയിലുമാണ്. കാലാവധി തികയാന്‍ ദിവസങ്ങള്‍ മാത്രം നിലവിലുണ്ടായിരുന്ന സ്ഥിരനിക്ഷേപം വരെ പലരും സ്വകാര്യ ബാങ്കില്‍ നിന്നും പിന്‍വലിച്ചു. ക്യാന്‍സല്‍ ചെയ്തപ്പോഴുള്ള നഷ്ടമൊന്നും ആരും നോക്കിയില്ല, മുതലെങ്കിലും സുരക്ഷിതമാകുമല്ലോ എന്നാണ് പലരും പറഞ്ഞത്.
കേരളത്തിലെ മിക്കവാറും എല്ലാ ധനകാര്യസ്ഥാപനങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. നിക്ഷേപകര്‍ ഒന്നിനുപുറകെ മറ്റൊന്നായി എത്തിയപ്പോള്‍ ആരെയും പണമില്ലെന്നു പറഞ്ഞ് മടക്കിയില്ല. നിക്ഷേപം പിന്‍വലിക്കാതിരിക്കുവാന്‍ ആവുന്ന പ്രലോഭനങ്ങള്‍ നല്‍കിയിട്ടും ആരും വഴങ്ങിയില്ല. അവസാനം വന്‍തുക കടമെടുത്താണ് ചില സ്ഥാപനങ്ങള്‍ നിക്ഷേപം മടക്കി നല്‍കിയത്. പോപ്പുലര്‍ ഫൈനാന്‍സ് തട്ടിപ്പ് ജനമനസ്സുകളില്‍ സജീവമായി നിലനില്‍ക്കുന്നതിനാല്‍ ആരും ഭാഗ്യപരീക്ഷണത്തിന് തുനിഞ്ഞില്ല.
കൂണുപോലെ പലയിടത്തും സ്ഥാപനങ്ങള്‍ മുളച്ചു പൊങ്ങുന്നുണ്ട്. ഇത്തരത്തില്‍ പത്തനംതിട്ട കേന്ദ്രീകരിച്ചും അടുത്തനാളില്‍ ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി ബ്രാഞ്ചുകള്‍ തുടങ്ങിക്കഴിഞ്ഞു. ബ്രാഞ്ചുകളുടെ മാനേജര്‍മാരില്‍ ഏറിയപങ്കും ഫെഡറല്‍ ബാങ്കില്‍ നിന്നും ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ വിരമിച്ചവരാണ്. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ വലിയ തോതില്‍ കിട്ടുന്നുണ്ട്. ഫെഡറല്‍ ബാങ്കില്‍ ഉണ്ടായിരുന്ന ചില മാനേജര്‍മാര്‍ വിരമിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ സമീപത്തുള്ള ബ്ലയിഡ് ബാങ്കിലെ മാനേജര്‍ ആകുമ്പോള്‍ നിക്ഷേപകര്‍ മറിച്ചൊന്നും ചിന്തിക്കില്ല. തങ്ങള്‍ ബന്ധപ്പെട്ടിരുന്ന ആ സാറു തന്നെയാണ് ഈ സാറ് ..ഇതാണ് വിശ്വാസം ..അത് ഫെഡറല്‍ ബാങ്ക് മാനേജര്‍ എന്ന നിലയില്‍ ലഭിച്ചതാണ്. ഫെഡറല്‍ ബാങ്കിലെ നിക്ഷേപകരായ പണച്ചാക്കുകളുമായി വളരെ അടുത്തബന്ധം ഇദ്ദേഹം തുടരുന്നതിനാല്‍ അവിടെ ഉണ്ടായിരുന്ന നിക്ഷേപങ്ങളൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വകാര്യ ബ്ലെയിഡിന്റെ മേശയിലെത്തും. എന്നെങ്കിലും സ്ഥാപനം തകര്‍ന്നാല്‍ ഈ സാറന്മാര്‍ കൈമലര്‍ത്തും, ഇന്ന് പോപ്പുലര്‍ ഫിനാന്‍സിലെ മാനേജര്‍മാര്‍ കൈമലര്‍ത്തിയപോലെ.
നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ അനുമതിയില്ലാത്തവര്‍ കുറുക്കുവഴികളിലൂടെയാണ് സ്ഥിരനിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. പോപ്പുലറിന്റെ മേരി റാണി പോപ്പുലര്‍ നിധി ലിമിറ്റഡും തട്ടിപ്പ് നടത്തി അടച്ചുപൂട്ടിയതോടെ നിധി ലിമിറ്റഡില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പൂര്‍ണ്ണമായി നഷ്ടപ്പെട്ടു.
സ്ഥിരനിക്ഷേപം എന്നുപറഞ്ഞ് പലരില്‍ നിന്നും സ്വീകരിക്കുന്ന പണം പലപ്പോഴും വകമാറ്റിയാണ് കണക്കില്‍ രേഖപ്പെടുത്തുന്നത്. പെട്ടെന്ന് ഒരാവശ്യത്തിനുവേണ്ടി സ്ഥിരനിക്ഷേപം ക്യാന്‍സല്‍ ചെയ്യുവാന്‍ ചെല്ലുമ്പോഴാണ് കാലാവധി പൂര്‍ത്തിയാകാതെ ഇതൊന്നും മടക്കിലഭിക്കില്ല എന്ന് നിക്ഷേപകര്‍ അറിയുന്നത്. ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഇലന്തൂരില്‍ ഉള്ള ബ്രാഞ്ചില്‍ അടുത്ത നാളിലാണ് ഒരുപ്രശ്നം ഉണ്ടായത്. വെറും അറുപത്തി അയ്യായിരം രൂപ മടക്കി നല്‍കാതെ ഒരു രോഗിയായ വയോധികയെ ആഴ്ചകളോളം നടത്തി. എന്തുവന്നാലും കാലാവധി തികയാതെ നിക്ഷേപം മടക്കിനല്‍കാന്‍ പറ്റില്ലെന്ന നിലപാടുമായി അവിടുത്തെ വനിതാ മാനേജരും ഉറച്ചുനിന്നു. ചികിത്സക്കുവേണ്ടിയാണ് പണം ആവശ്യപ്പെടുന്നതെന്ന് കെഞ്ചിപ്പറഞ്ഞിട്ടും തന്റെടിയായ ആ മാനേജര്‍ കനിഞ്ഞില്ല. അവസാനം ചിലര്‍ വിഷയത്തില്‍ ഇടപെട്ടതോടുകൂടി പണം മടക്കിനല്കുകയായിരുന്നു. തങ്ങള്‍ നല്‍കിയ പണം ഏതുതരം നിക്ഷേപത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മിക്കവര്‍ക്കും അറിയില്ല. സ്വകാര്യ ബാങ്കുകള്‍ ഇതൊന്നും വ്യക്തമായി പറയാറും ഇല്ല.
ആറന്മുളയിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനം നിക്ഷേപകര്‍ക്ക് നല്‍കുവാനുള്ളത് പത്തു കോടിയോളം രൂപയാണ്. കൂടുതലും ബന്ധുക്കളാണ് നിക്ഷേപകര്‍. നിക്ഷേപമായി ലഭിച്ച പണംകൊണ്ട് വസ്തുക്കള്‍ വാങ്ങിക്കൂട്ടിയെങ്കിലും അതൊന്നും വിറ്റ് നിക്ഷേപകരുടെ പണം മടക്കിനല്‍കാന്‍ ഉടമ തയ്യാറല്ല. പരാതിയുമായി ചിലര്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും അതൊക്കെ പമ്പാനദിയിലൂടെ എവിടേക്കോ ഒഴുകിപ്പോയി എന്നാണ് രഹസ്യവിവരം. പോപ്പുലര്‍ തട്ടിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് തുലോം ചെറുത് തന്നെയാണ്. എന്നാല്‍ ജില്ലയിലെ ചെറുതും വലുതുമായ മിക്ക സ്വകാര്യ ബാങ്കുകളുടെയും സ്ഥിതി അതീവ ഗുരുതരമാണ്. എന്നാല്‍ ഒന്നും പുറത്താകാതെയിരിക്കുവാന്‍ എല്ലാവരും വളരെ ശ്രദ്ധിക്കുന്നുണ്ട്. കൂടാതെ ചില സംഘടനകളും പിന്തുണയുമായുണ്ട്. എന്തായാലും നഷ്ടങ്ങള്‍ ഉണ്ടാകുന്നത് നിക്ഷേപകര്‍ക്കാണ്. തട്ടിപ്പിന് വിരാമം കുറിക്കുവാന്‍ ഇവിടെ സര്‍ക്കാരും ഉദ്യോഗസ്ഥരും ഉണര്‍ന്നെണീറ്റു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
ഇവയെ ബാങ്കുകൾ എന്ന് പറയാതിരിക്കുക. NBFC കൾ ആണ്. അവ ബാങ്കിംഗ് ബിസിനസ് നടത്തുന്നില്ല. ഡെപ്പോസിറ്റ് അല്ല അവർ സ്വീകരിക്കുന്നത്. പൊതുവെ നസിഡ് ആണ് ഡെപ്പോസിറ്റ് എന്ന് തെറ്റായി അവതരിപ്പിക്കുന്നത്.