ഇടുക്കി : ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരേ തുറന്നടിച്ച് മുൻ മന്ത്രിയും ഉടുമ്പൻചോല എം.എൽ.എ യുമായ എം.എം മണി. തക്കതായ കാര്യമുള്ളതിനാലാണ് പാർട്ടി രാജേന്ദ്രനെതിരേ അന്വേഷണ കമ്മീഷനെ വെച്ചതെന്നും ജാതിയുടെ ആളായി അദ്ദേഹത്തെ പാർട്ടി കണ്ടിട്ടില്ലെന്നും എംഎം മണി പറഞ്ഞു. രാജേന്ദ്രന് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിലാണ് മണിയുടെ പ്രതികരണം. രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വർഷം എംഎൽഎ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അല്ലാതെ ബ്രാഹ്മണനാണെന്ന് ഓർത്തല്ല ഇതൊന്നും ചെയ്തതെന്നും മണി പ്രതികരിച്ചു.
സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രൻ തന്നെ പരിശോധിക്കണം. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയുന്നത് ശരിയല്ല. പാർട്ടിക്കെതിരേയുള്ള രാജേന്ദ്രന്റെ പ്രതികരണം അദ്ദേഹം ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നതിനുള്ള തെളിവെന്നും മണി പറഞ്ഞു. ജാതിയുടെ ആളായി തന്നെ പാർട്ടി ചിത്രീകരിച്ചുവെന്നും അതിനാൽ ജാതിയുടെ ആളായി പാർട്ടിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം രാജേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് എംഎം മണിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ രാജേന്ദ്രൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.