ആറന്മുള: അടച്ചുറപ്പില്ലാത്ത കുടിലില്‍ കിടപ്പുരോഗിയായ മകള്‍ക്ക് കാവലായി കഴിഞ്ഞ വീട്ടമ്മയ്ക്ക് സുരക്ഷിതമായ സ്‌നേഹഭവനമൊരുക്കി ഗുഡ് ഷെപ്പേര്‍ഡ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ ഫാമിലി ഫെലോഷിപ്പ്. ആറന്മുള പഞ്ചായത്ത് 17-ാം വാര്‍ഡില്‍ കുറിച്ചിമുട്ടം കൈതക്കുഴിയില്‍ രമ (52), ശശികല (31) എന്നിവര്‍ക്കുവേണ്ടിയാണ് ഈ സ്വപ്‌നവീടൊരുക്കിയത്. സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാന കര്‍മ്മം 25ന് വ്യാഴാഴ്ച വൈകിട്ട് 5.15ന് നടക്കും. ആറന്മുള കുറിച്ചിമുട്ടം കൈതക്കുഴിയില്‍ ശശികല ഭവനില്‍ നടക്കുന്ന ചടങ്ങില്‍ താക്കോല്‍ദാന കര്‍മ്മം ഫെല്ലോഷിപ്പ് പ്രസിഡന്റ് എ. എം അലക്‌സാണ്ടര്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. ഐയ്യര്‍ക്ക് നല്‍കി നിര്‍വഹിക്കും.
പത്തൊന്‍പതു വര്‍ഷമായി കിടപ്പുരോഗിയായ ശശികലയെ പ്ലാസ്റ്റിക് ഷീറ്റും ചുട്ടുപഴുക്കുന്ന തകര ഷീറ്റും മേല്‍ക്കൂരയാക്കിയ കിടപ്പുമുറിയും അടുക്കളയും ശുചിമുറിയും കൂടിച്ചേര്‍ന്നുള്ള ആ ഒറ്റമുറിച്ചാര്‍ത്തിലാണ് രമ സംരക്ഷിച്ചത്. കതകുകള്‍ക്കു പകരം തുണികള്‍ തുന്നിച്ചേര്‍ത്തുള്ള അടച്ചുറപ്പില്ലാത്ത വാതില്‍. മണ്ണും കട്ടയും പലകയും ചേര്‍ന്ന ഭിത്തി. രണ്ടേമുക്കാല്‍ സെന്റില്‍ അടച്ചുറപ്പില്ലാത്ത വീട്ടില്‍ പരസഹായമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത മകളെ തനിച്ചാക്കി പണി തേടിപ്പോകാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നില്ല.
മേസ്തിരിപ്പണി ചെയ്ത് ആഹാരത്തിനു വഴികണ്ടെത്തിയിരുന്ന അച്ഛന്‍ കഴിഞ്ഞ മേയില്‍ വൃക്കരോഗം പിടിപെട്ടു മരിച്ചു. സുമനസ്സുകളായ അയല്‍ക്കാരുടെ കാരുണ്യത്തണലിലായിരുന്നു പിന്നീട് ഈ കുടുംബം കഴിഞ്ഞത്. ഒട്ടും സുരക്ഷിതമല്ലാതിരുന്ന വീട് ഇനിയും ഈ കുടുംബത്തിന് ഓര്‍മ്മകള്‍ മാത്രം. ഇനിയും മകളെ ധൈര്യമായി പുതിയ വീട്ടില്‍ ആക്കി അമ്മക്ക് ജീവനോപാധി തേടിപോകാം. വീല്‍ ചെയറില്‍ കഴിയുന്ന മകള്‍ക്ക് വീട്ടിനുള്ളില്‍ കഴിയാനാകും. രണ്ട് മാസം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വീടു പണിയുടെ സമയത്ത് ഈ അമ്മയേയും മകളേയും സംരക്ഷിക്കുകയും ആരോഗ്യപരിപാലനം നടത്തുകയും ചെയ്തത് മുളന്തുരുത്തി വെട്ടിക്കലിലുള്ള ‘സ്വാശ്രയാ റീഹാബിലിറ്റേഷന്‍ സെന്റര്‍’ ആണ്.