പത്തനംതിട്ട : നാഷണല്‍ സര്‍വ്വീസ് സ്‌കീമും തദ്ദേശസ്വയംഭരണവകുപ്പും സംയുക്തമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വ്വഹിച്ചു. ഗാര്‍ബേജ് വള്‍ണറബിള്‍ പോയിന്റുകള്‍ സൗന്ദര്യവത്കരിച്ച് സ്‌നേഹാരാമങ്ങളാക്കി മാറ്റുന്നതാണ് എന്‍.എസ്.എസ് ഈ വര്‍ഷത്തെ പ്രധാന പരിപാടിയായി ഏറ്റെടുത്തിട്ടുള്ളത്. എന്‍.എസ്.എസ് യൂണിറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി കൂടിയാലോചിച്ച് സ്ഥലം കണ്ടുപിടിച്ച് അവിടെ പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, പാര്‍ക്ക്, വിശ്രമസംവിധാനം, പാഴ്‌വസ്തുക്കള്‍ക്കൊണ്ടുള്ള ഇന്‍സ്റ്റലേഷന്‍, മറ്റുള്ളവ തുടങ്ങി വോളന്റിയര്‍മാരുടെ സര്‍ഗാത്മകത കാഴ്ചവക്കാന്‍ കഴിയുന്ന തരത്തിലുള്ള മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ് പദ്ധതി.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് സ്‌നേഹാരാമം പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്ന ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്ഥലത്താണ് ഉദ്ഘാടന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ശുചീകരണം നടത്തിയ പത്തനംതിട്ട പുതിയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കാതോലിക്കേറ്റ്‌കോളേജ് എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ സ്‌നേഹാരാമം ഒരുക്കും. വരുംദിവസങ്ങളില്‍എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കുന്ന സ്ഥലത്ത് പൂന്തോട്ടം, സൗന്ദര്യവത്കരണം, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. തദ്ദേശസ്വയംഭരണവകുപ്പ്, എന്‍.എസ്.എസ്, ശുചിത്വമിഷന്‍, നവകേരളം മിഷന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌സ്‌നേഹാരാമം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറിഅലക്‌സ്, നഗരസഭ സെക്രട്ടറി സജിത്ത് കുമാര്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ്എം.പി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബൈജു റ്റി. പോള്‍, നവകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി.അനില്‍ കുമാര്‍, കില ആര്‍.ജി.എസ്.എ കോ-ഓര്‍ഡിനേറ്റര്‍ ധീരജ്എം. ദിവാകരന്‍, കെ.എസ്.ഡബ്യു.എം.പി സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് ശ്രീവിദ്യ ബാലന്‍, ഫിനാന്‍ഷ്യല്‍ എക്‌സപേര്‍ട്ട് വീണാ വിജയന്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഗോകുല്‍, യുവജനനക്ഷേമ ബോര്‍ഡ് പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധികള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.