കൊച്ചി : രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി കേസ് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. 1996 ജനുവരി 16 നായിരുന്നു കേസിനാസ്പദമായ സംഭവം. സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ പ്രൊഫസര്‍ പി.ജെ കുര്യന് അനുകൂലമായി ബിജെപി നേതാവ് മൊഴി നല്‍കിയതോടെയാണ് കോണ്‍ഗ്രസ്സിന്റെ സമുന്നതനായ നേതാവ് കാവിയോട് ചായ്‌വ് കാട്ടിയത്. ഇത് പലപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കുവാന്‍ സാധ്യത ഏറുമ്പോള്‍ സൂര്യനെല്ലികേസും ഉയര്‍ന്നു വരാം. പി.ജെ കുര്യനെ കേസില്‍ വെറുതെ വിട്ടെങ്കിലും ഇത് വീണ്ടും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കും.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സൂര്യനെല്ലി കേസ് വലിയ വെല്ലുവിളിയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തപ്പോള്‍ അതില്‍ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പി.ജെ കുര്യനെ മാത്രം പിന്തുണച്ചുകൊണ്ടാണ് ബിജെപിയുടെ ആലപ്പുഴ ജില്ലയിലെ നേതാവ് രംഗത്ത് വന്നത്. ഇതിനു പിന്നില്‍ ബിജെപിയുടെ ഡല്‍ഹിയിലെ നേതാക്കന്മാര്‍ക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു.
കേസന്വേഷണത്തിന്റെ വേളയില്‍ അന്നു കേന്ദ്ര മന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ പേരും പെണ്‍കുട്ടി പറഞ്ഞുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി അദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഒന്നാം ക്‌ളാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഈ കേസില്‍ ഹാജരാകാന്‍ പി.ജെ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കുര്യന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ കുര്യന്‍ അപ്പീല്‍ നല്‍കി. പീരുമേട് കോടതിയുടെ നടപടികള്‍ നിര്‍ത്തിവെയ്ക്കാനായിരുന്നു സുപ്രീം കോടതിവിധി.
സൂര്യനെല്ലി കേസില്‍ കുര്യനനുകൂലമായി മൊഴി മാറ്റാന്‍ അന്വേഷണോദ്യോഗസ്ഥനില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി എന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞും കുര്യനെപ്പോലെയുള്ള ഉന്നതനെ കേസിലുള്‍പ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പറഞ്ഞും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് ചാനല്‍ അഭിമുഖത്തില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. രക്ഷിക്കണം എന്നപേക്ഷിച്ചിട്ടും കുര്യന്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി അന്ന് പറഞ്ഞിരുന്നു. ശാരീരിക പ്രത്യേകതകളും ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങളും പെണ്‍കുട്ടി മൊഴിയില്‍ നല്‍കിയിരുന്നു എന്ന് പലരും പറയുന്നു. പി.ജെ. കുര്യനെതിരെ പെണ്‍കുട്ടിയുടെ മാതാവ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്ത് അയച്ചിരുന്നു. കുര്യന്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടെന്നാണ് ഇവരുടെ വിശ്വാസം.
2013-ല്‍ രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ പി.ജെ. കുര്യനെ പ്രതിയാക്കണം എന്നപേക്ഷിച്ച് പെണ്‍കുട്ടി അയച്ച കത്ത് പുറത്തുവന്നിരുന്നു. 2013ല്‍ വിവാദങ്ങളെത്തുടര്‍ന്ന് എന്‍.ഡി.റ്റി.വി.യില്‍ നടന്ന അഭിമുഖത്തിനിടെ കുര്യന്‍ ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു.മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കുര്യനെ സംബന്ധിച്ച ചോദ്യങ്ങളെ തുടര്‍ന്ന് അക്കാലത്ത് ഇറങ്ങിപ്പോയതും വാര്‍ത്തയായിരുന്നു.
കേസിലെ പ്രധാന പ്രതിയായ ധര്‍മ്മരാജന്‍ പി.ജെ. കുര്യന്‍ തന്റെ കാറില്‍ കുമളി ഗസ്റ്റ് ഹൗസില്‍ വന്നിരുന്നു എന്ന് മാതൃഭൂമി ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. സുഹൃത്തുക്കളായ ഉണ്ണി, ജമാല്‍, ചെറിയാന്‍ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ധര്‍മ്മരാജന്‍ അവകാശപ്പെട്ടിരുന്നു. കുര്യനെത്തിയത് 1996 ഫെബ്രുവരി 19-ന് ആണെന്നും, അത് കേസിലെ മറ്റൊരു പ്രതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫന്‍ അറിയിച്ചിട്ടായിരുന്നുവെന്നുമാണ് ധര്‍മ്മരാജന്‍ അവകാശപ്പെട്ടത്. പി.ജെ. കുര്യന്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന് പുതിയ സാഹചര്യമുണ്ടായെന്ന കാരണത്താല്‍, സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി പീരുമേട് മജിസ്‌ട്രേട്ട് കോടതിയില്‍ കുര്യനെ, തെളിവില്ലെന്ന കാരണത്താല്‍ വിട്ടയച്ച കോടതിവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയുണ്ടായി. എന്നാല്‍ വാദം നടന്ന മെയ് 28-ന് കുര്യനെ അറിയില്ലെന്നും റിപ്പോര്‍ട്ടറുടെ നിരന്തരമായ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിയാണ് കുര്യനുള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതെന്നും ചാനലിനു അഭിമുഖം നല്‍കിയപ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ധര്‍മ്മരാജന്‍ വക്കീല്‍ മുഖാന്തരം മൊഴിമാറ്റി സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയുണ്ടായി.
അതിനു ശേഷം ഇതേ വിഷയത്തില്‍ പി.ജെ. കുര്യനെ കേസില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് 2006-ല്‍ ഹൈക്കോടതി നടത്തിയ വിധിക്കെതിരെ പെണ്‍കുട്ടി 2013-ല്‍ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുകയും 2006-ല്‍ പരാതിക്കാരിയുടെ വാദം കേള്‍ക്കാതെ കുര്യനെ കേസില്‍ നിന്ന് ഒഴിവാക്കിയത് ശരിയായിരുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ച പെണ്‍കുട്ടിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പരിഗണനയ്‌ക്കെടുക്കുന്നതിനു മുമ്പായി അഴിമതിക്കേസ് കെട്ടിച്ചമച്ചെന്നും കുര്യനെതിരെ ആരോപണമുണ്ട്. ഈ കേസുകളിലെ സത്യാവസ്ത ഇപ്പോഴും മറ നീക്കി പുറത്തു വന്നിട്ടില്ല.
തെരഞ്ഞെടുപ്പില്‍ പി.ജെ കുര്യന്‍ മത്സര രംഗത്തുണ്ടെങ്കില്‍ സൂര്യനെല്ലി കേസും ഉയര്‍ന്നുവരും. ഇത് യു.ഡി.എഫിന് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
😂മരണം വരെ അധികാരത്തിൽ തുടരാനാണ് ഇദ്ദേഹത്തിന് മോഹം.
ചെറുപ്പക്കാർക്ക് അവസരം മുടക്കി വാഴുന്ന മുതുക്കന്മാർ.