മുംബൈ: ബിജെപി ക്യാമ്പിലേക്ക് പോകുമെന്ന അഭ്യൂഹം നിഷേധിച്ച് എന്‍സിപി നേതാവ് അജിത് പവാര്‍. ബിജെപിക്കൊപ്പം ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. താനിപ്പോഴും എന്‍സിപിയിലുണ്ട്. എന്‍സിപിയില്‍ അടിയുറച്ച് നില്‍ക്കും. പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്നത് വെറും അഭ്യൂഹം മാത്രമാണെന്നും അജിത് പവാര്‍ പറഞ്ഞു. ഒരിടത്തേക്കും താന്‍ ചാടാനില്ല. ഒരു എന്‍സിപി എംഎല്‍എയുടേയും ഒപ്പും താന്‍ ശേഖരിച്ച് കൈവശം വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്‍സിപിയില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കം വിലപ്പോകില്ല. താന്‍ എന്‍സിപി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ പച്ചക്കള്ളമാണ്. മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി സഖ്യം ഒറ്റക്കെട്ടാണെന്നും അജിത് പവാര്‍ പറഞ്ഞു. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ അജിത് പവാര്‍ എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം ചേരുമെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. അതിനിടെ, അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമത നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളി.