കൊച്ചി : സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണന്‍കുളങ്ങര കണ്ണാടി കോവിലകത്ത് കുട്ടപ്പന്‍ മകന്‍ സതീഷ് (43) ആണ് അറസ്റ്റിലായത്. പുതിയകാവ് മാളേകാട് അതിര്‍ത്തി റോഡില്‍ ഷിജി സുധി ലാലിനെയാണ് സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവായ സതീഷ് മര്‍ദിച്ചത്. ഹെല്‍മറ്റിനു അടിയേറ്റ് തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ഷിജി കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. മിനി ബൈപാസ്- കണ്ണന്‍കുളങ്ങര റോഡിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കു 2.45 നായിരുന്നു സംഭവം.
ബില്‍ അടിക്കുന്ന ഭാഗത്തു മറ്റൊരു സഹവര്‍ത്തകയുമൊത്തു ഷിജി സംസാരിച്ചു നില്‍ക്കുന്നതിനിടെ സതീഷ് വന്ന് ആക്രമിക്കുകയായിരുന്നു. സമീപത്തു നിന്നവരും കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരും ചേര്‍ന്നാണ് സതീഷിനെ പിടിച്ചു മാറ്റിയത്. ഭാര്യയെ അന്വേഷിച്ചു സൂപ്പര്‍ മാര്‍ക്കറ്റിലെ ഫോണിലേക്കു സതീഷ് വിളിച്ചപ്പോള്‍ ഷിജിയാണ് ഫോണ്‍ എടുത്തത്. ഭാര്യ പാക്കിംഗില്‍ ആയതിനാല്‍ ഫോണ്‍ നല്‍കാന്‍ ഷിജിക്കു കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിലേക്ക് നയിച്ചത്.