കോന്നി : കോന്നി – കോന്നി താഴം കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോന്നി വലിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നത് അപകട ഭീഷണിയുയർത്തുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് കോന്നി പാലത്തിന്റെ അപ്രോച്ച് റോഡിലെ കാടുകൾ തെളിച്ചപ്പോൾ ആണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത് ശ്രദ്ധയിൽ പെട്ടത്. എന്നാൽ പിന്നീട് നാളിതുവരെ ഇത് പുനർനിർമ്മിക്കാൻ നടപടിയായില്ല. പി ഡബ്ള്യു ഡി ബ്രിഡ്ജസ് വിഭാഗത്തിനാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അറ്റകുറ്റപ്പണികൾ നടത്തുവാനുള്ള ചുമതല. ഇത് ഉടൻ പൂർത്തിയാക്കും എന്ന് പറയുന്നതല്ലാതെ ഈ വിഭാഗം അടിയന്തര നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. ശബരിമല മണ്ഡലകാലത്ത് മാത്രമാണ് ഈ ഭാഗത്തെ കാടുകൾ വെട്ടി മാറ്റുന്നത്. ഇതിനാൽ തന്നെ ഇടഞ്ഞു പോയ ഭാഗം കാടുകൾ മൂടി കിടന്നാൽ വാഹന യാത്രക്കാർ അപകടത്തിൽ പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഭാരം കയറ്റിയ നിരവധി ലോറികൾ ആണ് ദിവസേന ഇതുവഴി ചീറി പായുന്നത്.
വാഹനങ്ങളുടെ ഭാരം മൂലം ഈ ഭാഗം വീണ്ടും ഇടിയുന്നതിനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകളും ഇടിഞ്ഞുപോയ ഭാഗത്ത് കൂടി കടന്നുപോകുന്നുണ്ട്. ഈ അടുത്തിടെ കാടുകൾ തെളിച്ച ശേഷം അപ്രോച്ച് റോഡ് അപകടത്തിലാണെന്ന് കാണിക്കാൻ വീപ്പകൾ സ്ഥാപിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. മഴ ശക്തമായാൽ പാലത്തിൽ നിന്നടക്കം വീഴുന്ന മഴവെള്ളം ഇടിഞ്ഞിരിക്കുന്ന ഭാഗത്ത് കൂടിയാണ് അച്ചൻകോവിലാറിലേക്ക് പതിക്കുക. ഇതും സംരക്ഷണ ഭിത്തി കൂടുതൽ ഇടിയുന്നതിന് കാരണമാകും. അട്ടച്ചാക്കൽ, ചെങ്ങറ, വെട്ടൂർ, തണ്ണിത്തോട്, പയ്യനാമൺ, തേക്കുതോട്, ചിറ്റാർ, സീതത്തോട് തുടങ്ങിയ മലയോര മേഖലയിലേക്കുള്ള വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന നൂറുകണക്കിനാളുകൾക്കും കോന്നി മെഡിക്കൽ കോളേജിലേക്ക് പോകുന്നവർക്കും കോന്നി വലിയ പാലം കടന്നുവേണം ദിവസവും അക്കരെയെത്താൻ.