കോന്നി : നവകേരള സദസ്സിന് കോൺഗ്രസ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നൽകാൻ എടുത്ത തീരുമാനം കെ പി സി സി നിർദേശത്തെ തുടർന്ന് പുനപരിശോധിക്കാൻ വിളിച്ച യോഗം തീരുമാനം എടുക്കാൻ കഴിയാതെ പിരിഞ്ഞതോടെ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്തിൽ നവംബർ പത്താം തീയതി കൂടിയ യോഗത്തിൽ ആണ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസിന് ഫണ്ടായി ഒരു ലക്ഷം രൂപ നൽകുവാൻ തീരുമാനിച്ചത്. എന്നാൽ അടുത്ത ദിവസം പതിനൊന്നാം തീയ്യതി കൂടിയ കെ പി സി സി യോഗത്തിൽ പണം നൽകേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു. ഇത് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയെ വെട്ടിലാക്കിയിരുന്നു.
കെ പി സി സി യോഗ തീരുമാനം വരുന്നതിന് മുൻപാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ഈ തീരുമാനം എടുത്തിരുന്നത്. എന്നാൽ ഇത് പുനപരിശോധിക്കാൻ കോന്നി ബ്ലോക്ക് പഞ്ചായത്ത് യോഗം വിളിച്ചെങ്കിലും ഭരണ കക്ഷി ഭൂരിപക്ഷം കുറവായതിനാൽ ഫണ്ട് കൈമാറുകയായിരുന്നു. യു ഡി എഫിൽ ആറും എൽ ഡി എഫിൽ ആറുമാണ് കോന്നി ബ്ലോക്ക് പഞ്ചായത്തിലെ കക്ഷി നില. എന്നാൽ യു ഡി എഫിലെ പൂങ്കാവ് ഡിവിഷൻ അംഗം ശ്രീകല സുഖമില്ലാതെ വന്നതോടെ ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാതെ വരികയും കക്ഷി നില യു ഡി എഫ് കക്ഷി നില അഞ്ചും എൽ ഡി എഫ് കക്ഷി ആറും ആയതോടെ ഫണ്ട് നൽകുവാൻ തീരുമാനം എടുക്കുകയായിരുന്നു. യോഗത്തിന് ശേഷം ഒരു ലക്ഷം രൂപയുടെ ചെക്ക് കോന്നി ബി ഡി ഒ പി താര ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസി മണിയമ്മക്ക് കൈമാറി.