ഡൽഹി: രാജ്യം ഭരിച്ച മുൻ സർക്കാരുകൾ പൈതൃക സംരക്ഷണത്തിന് വേണ്ടി യാതൊന്നും ചെയ്തില്ലെന്നും, അതിൽ സമ്പൂർണ പരാജയമായിരുന്നുവെന്നുമുള്ള വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമത്ത മനോഭാവത്തിലാണ് യുപിഎ സർക്കാർ എല്ലാക്കാര്യങ്ങളേയും വീക്ഷിച്ചിരുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി, ദണ്ഡി, പഞ്ചതീർത്ഥങ്ങളുടെ വികസനം, ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട ഇടങ്ങളുടെ വികസനം എന്നിവയെല്ലാം നടപ്പിലാക്കിയത് ഈ സർക്കാരിന് കീഴിലാണെന്നും പ്രധാനമന്ത്രി പറയുന്നു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ചരിത്രവുമായി ബന്ധപ്പെട്ടും, ബന്ധപ്പെടുത്തിയുമാണ് നാം ജീവിക്കുന്നത്. സാംസ്‌കാരിക പൈതൃകത്തിനും വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. 500 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയോദ്ധ്യയിൽ രാമക്ഷേത്രം വീണ്ടും ഉയർന്നത്. രാജ്യത്തിന്റെ പൈതൃക സംരക്ഷണത്തിൽ ഈ സർക്കാർ എല്ലാക്കാലത്തും ശ്രദ്ധാലുവായിരുന്നു. എന്നാൽ പ്രതിപക്ഷമാകട്ടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിൽ ആശങ്കപ്പെട്ട് മാത്രം ജീവിക്കുന്നവരാണ്. വർഗീയതയും ജാതി ചിന്തകളും രാജവംശ ഭരണരീതികളുമൊക്കെയാണ് അവർ പിന്തുടരുന്നത്.