പത്തനംതിട്ട : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെതിരെ നരനായാട്ട് നടത്തി നേതാക്കളേയും പ്രവർത്തകരേയും തല്ലിച്ചതച്ച പിണറായി പോലീസിന്റെ കിരാത നടപടിയിൽ കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് മുഖ്യ രക്ഷാധികാരി ഐസക് തോമസ്, സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കൈയ്യായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറിയുടേയും ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി പിയുടേയും അറിവോടെയും അനുഗ്രഹാശിശുക്കളോടെയും സംസ്ഥാനത്തൊട്ടാകെ നടന്ന കൊലപാതകം, സ്വർണ്ണക്കടത്ത്, ഫോൺ ചോർത്തൽ, അനധികൃത സ്വത്തുസമ്പാദനം എന്നിവ അറിഞ്ഞില്ലെന്ന് നടിച്ച് കൈ കഴുകുന്ന മുഖ്യമന്ത്രിയാണ് യഥാർത്ഥ പ്രതിയെന്നും അദ്ദേഹത്തിന്റെ രാജിക്കായുള്ള യു.ഡി.എഫ് ,കോൺഗ്രസ്, പോഷക സംഘടനാ സമരങ്ങളെ ചോരയിൽ മുക്കി അടിച്ചമർത്തുവാനുള്ള ഫാസിസ്റ്റ് ശ്രമം ജനാധിപത്യ വിരുദ്ധവും കേരളത്തിൽ വിലപ്പോകാത്തതുമാണെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്തെ ഭരണകക്ഷി എം.എൽ.എ ഉയർത്തിയ ആരോപണത്തിൽ ആരോപണ വിധേയരെ സംരക്ഷിക്കുകയും ഹേമ കമ്മിറ്റി റിപ്പോർട്ടിലും ഇരകളുടെ വെളിപ്പെടുത്തലിലും വേട്ടക്കാരോടൊപ്പം നില്ക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തിൽ തുടരുവാൻ ധാർമ്മിക അവകാശം നഷ്ട്ടപ്പെട്ടിരിക്കുകയാണെന്ന് പ്രവാസി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരും മടങ്ങി എത്തിയിട്ടുള്ളവരുമായ പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ സാധിക്കാതെ പൂർണ്ണമായി പരാജയപ്പെട്ട പിണറായി സർക്കാരിന്റെ രാജി അനിവാര്യമാണെന്നും സർക്കാരിനെതിരായ കോൺഗ്രസ് സമരങ്ങൾക്ക് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പരിപൂർണ്ണ പിൻതുണ ഉണ്ടാകുമെന്നും നേതാക്കളായ ഐസക് തോമന് , എൽ.വി അജയകുമാർ, സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.