കലഞ്ഞൂർ : കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലിൽ ജനവാസ മേഖലയിൽ നാളുകളായി ഭീതി പരത്തിയ പുലി ഇനി പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ. കൂടൽ പാക്കണ്ടം വള്ളിവിളയിൽ രണചന്ദ്രന്‍റെ വീടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ബുധൻ രാത്രിയാണ് പുലി കുടുങ്ങിയത്. മൂന്ന് വയസ്സ് പ്രായമുള്ള പെൺപുലിയാണ് വീണതെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. രണചന്ദ്രന്‍റെ വീടിനോട് ചേർന്ന തൊഴുത്തിൽ കെട്ടിയിരുന്ന ആടിനെ ഒന്നിനെ കാണാതാവുകയും ഒരാടിനെ കടിച്ചു കൊന്ന നിലയിൽ കൂട്ടിൽത്തന്നെ കാണുകയും ചെയ്തു. പരിശോധനയിൽ വന്യമൃഗങ്ങൾ കടിച്ചു കീറി തിന്ന നിലയിൽ ആടിന്റെ മാംസാവശിഷ്ടങ്ങൾ കണ്ടു.
ഇതിനെത്തുടർന്നാണ് വീടിന് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ 31നാണ് കൂട് സ്ഥാപിച്ചത്. പുലി കാടു കയറിയെന്ന് കരുതി നാട്ടുകാർ ആശ്വസിച്ചിരുന്നതിനിടയിലാണ് കഴിഞ്ഞ രാത്രി അപ്രതീക്ഷിതമായി കൂട്ടിൽ അകപ്പെട്ടത്. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ക്വോറി, നടുവത്തുമൂഴി റേഞ്ചാഫീസർ കെ അജിത്, ഡപ്യൂട്ടി റെയിഞ്ചർ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി പുലിയെ വൈദ്യപരിശോധന നടത്തി. ശേഷം പെരിയാർ കടുവ സങ്കേതത്തിന്റെ ഭാഗമായ കക്കി വനമേഖലയിൽ തുറന്നു വിട്ടു.