തിരുവനന്തപുരം : ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വന്നതോടെ ഇതുവരെ ഇവ തമ്മില്‍ ലിങ്ക് ചെയ്യാത്തവര്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തത്രപ്പാടിലാണ്. ഈ പശ്ചാത്തലത്തില്‍ ചില സൈബര്‍ തട്ടിപ്പുകളും വ്യാപകമാകുകയാണ്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്.
ഇന്‍കംടാക്‌സ് വെബ്‌സൈറ്റിലല്ലാതെ മറ്റ് അനധികൃത സൈറ്റുകളിലേക്കുള്ള ലിങ്കുകളില്‍ കയറി വഞ്ചിതരാകരുതെന്നാണ് കേരള പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. വ്യാജ ലിങ്കുകളില്‍ കയറി വ്യക്തിഗത വിവരങ്ങള്‍ നല്‍കുന്നത് വഴി വലിയ തട്ടിപ്പുകള്‍ക്ക് ഇരയാകേണ്ടി വരുമെന്നും ഫേസ്ബുക്കിലൂടെ കേരള പോലീസ് മുന്നറിയിപ്പ് നല്‍കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആധാര്‍ / പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തട്ടിപ്പുകള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ട്. വ്യാജ ലിങ്കുകള്‍ അയച്ചുനല്‍കി ആധാര്‍ / പാന്‍ ലിങ്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിക്കുകയും, പ്രസ്തുത ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ വിവരങ്ങള്‍ നല്കുന്നതോടുകൂടി തട്ടിപ്പുകാര്‍ക്ക് സ്വകാര്യ / ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈലില്‍ അയച്ചുകിട്ടുന്ന ഒ .ടി.പി നമ്പര്‍ കൈമാറുന്നത് വഴി പണം നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത്തരം അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും അതുവഴി തട്ടിപ്പുകളില്‍പെടാതെയും ശ്രദ്ധിക്കുക.
https://www.incometax.gov.in എന്ന വെബ്‌സൈറ്റ് വഴി മാത്രം ആധാര്‍ /പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുക.