കണ്ണൂര്‍: ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ തീവെപ്പില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തീവെച്ചയാളുടെ ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആളെ പിടികൂടിയത്. അക്രമി ട്രെയിനിനകത്ത് കയറിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ്.
കണ്ണൂര്‍ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ഒരു ബോഗിയാണ് കത്തി നശിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. ബുധനാഴ്ച രാത്രി 11 മണിയോടെ എത്തിയ ട്രെയിന്‍ എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടതായിരുന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്കുണ്ടായ തീപിടിത്തം അതീവ ഗുരുതരമായ സുരക്ഷാവീഴ്ച്ചയായാണ് കണക്കാക്കുന്നത്. സംഭവം റെയില്‍വെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷന്‍ മാസ്റ്ററും അധികൃതരും അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്‌നി രക്ഷാ സേന രാത്രി 2.20 ന് തീയണക്കുകയായിരുന്നു. മറ്റു കോച്ചുകളെ വേര്‍പ്പെടുത്തിയിരുന്നതിനാല്‍ തീ മറ്റു ബോഗികളിലേക്ക് പടര്‍ന്നില്ല.