കോന്നി : ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നതിനായി കോന്നി സോഷ്യല്‍ ഫോറസ്ട്രിയുടെ മേല്‍നോട്ടത്തില്‍ വൃക്ഷത്തൈകള്‍ ഒരുങ്ങുന്നു. മണ്ണീറയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് പരിപാലന ചുമതല. മണ്ണീറ ഫോറസ്റ്റേഷന് സമീപത്തുള്ള വനംവകുപ്പ് ഭൂമിയിലാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നതിനാവശ്യമായ തവാരണ ഒരുക്കുന്നത്.
ആര്യവേപ്പ്, കുടംപുളി, ദന്തപ്പാല, നീര്‍മരുത്, നെല്ലി, പേര, സീതപ്പഴം, രക്തചന്ദനം, ഈട്ടി, തേക്ക്, പുവരശ്, നീര്‍മാതളം, കണികൊന്ന, ചന്ദനം തുടങ്ങിയ വൃക്ഷങ്ങളുടെ 23500 വൃക്ഷത്തൈകള്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് തൈകള്‍ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വിത്തുകള്‍ നല്‍കും. തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന നാല് ലക്ഷത്തിഎണ്‍പത്തൊന്‍പതിനായിരത്തി ഒരുനൂറ് രൂപയാണ് പദ്ധതിയുടെ ചിലവ്. ഇതില്‍ നിന്ന് 37,400 രൂപ സംരക്ഷണ വേലി അടക്കം നിര്‍മ്മിക്കുന്നതിലേക്ക് ചിലവഴിക്കും.
ഡിസംബര്‍ 22നാണ് തവാരണ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത് . തടം എടുത്ത് വിത്ത് പാകിയതിന് ശേഷം വനത്തിനുള്ളില്‍ നിന്ന് ശേഖരിക്കുന്ന കളത്തോലകള്‍ കൊണ്ട് വിത്തിന് തണലൊരുക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളം നനച്ച് പരിപാലിക്കപ്പെടുന്ന വിത്തുകള്‍ ഏഴ് മുതല്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ മുളപൊട്ടി വളരുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇത്തരത്തില്‍ വളരുന്ന തൈകള്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരുവാപ്പുലം, കോന്നി, മലയാലപ്പുഴ, മൈലപ്ര, പ്രമാടം, തണ്ണിത്തോട്, വള്ളിക്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് തീരുമാനം.