ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനത്തിന് മുന്‍കൈയെടുത്ത എംഎല്‍എയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. കര്‍ണാടകയില്‍ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവണ്‍മെന്റ് കോളജിന്റെ വികസന സമിതി ചെയര്‍മാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎല്‍എയായ രഘുപതി ഭട്ട്. തനിക്ക് നീറ്റ് നിഷേധിച്ച വാര്‍ത്തയോട് തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാര്‍ട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ സ്വയം രാജിവെക്കുമായിരുന്നു എന്ന് പ്രതികരിച്ചു.
അതേസമയം കര്‍ണാടക ബിജെപിയിലെ പ്രതിസന്ധി തുടരുകയാണ്. ലക്ഷ്മണ്‍ സാവഡി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജി വച്ചതിന് പിന്നാലെ ബിജെപി എംഎല്‍സി ആര്‍ ശങ്കറും പാര്‍ട്ടി വിട്ടു. ഇത്തവണയും സീറ്റ് നല്‍കാതിരുന്നതോടെയാണ് ശങ്കര്‍ പാര്‍ട്ടി വിട്ടത്. റാണെബെന്നൂരില്‍ നിന്ന് ശങ്കര്‍ വീണ്ടും സ്വതന്ത്രനായി മത്സരിക്കും. സിറ്റിംഗ് എംഎല്‍എ അരുണ്‍ കുമാറിനാണ് ബിജെപി റാണെബെന്നൂരില്‍ വീണ്ടും സീറ്റ് നല്‍കിയത്.