ഡൽഹി :രാജ്യസഭയില്‍ പ്രതിഷേധിച്ചതിന് നടപടി നേരിട്ട അംഗങ്ങളുടെ സസ്‌പെന്‍ഷന്‍ മാപ്പു പറഞ്ഞാല്‍ മാത്രമേ പിന്‍വലിക്കൂ എന്ന നിലപാടിലുറച്ച് സഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു. പ്ലക്കാഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എംപിമാര്‍ നല്‍കണമെന്ന ആവശ്യവും സഭാധ്യക്ഷന്‍ മുന്നോട്ട് വെക്കുന്നു. 20 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് രാജ്യസഭാ അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയത്.
ജിഎസ്ടി, വിലക്കയറ്റം വിഷയങ്ങളില്‍ പ്രതിഷേധിച്ച ആറ് പ്രതിപക്ഷ പാര്‍ട്ടികളിലെ 20 അംഗങ്ങളെയാണ് സഭയില്‍ നിന്നും ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ജിഎസ്ടി സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതനുസരിച്ച് ജിഎസ്ടി വിഷയത്തില്‍ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണില്‍ സംസാരിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി നിര്‍മ്മല സീതാരാമന്‍ വെങ്കയ്യ നായിഡുവിനെ അറിയിച്ചിട്ടുണ്ട്. മലയാളികളായ വി ശിവദാസന്‍, പി. സന്തോഷ് കുമാര്‍, എഎ റഹീം എന്നിവരുള്‍പ്പടെ 19 പേരെയാണ് നടുത്തളത്തില്‍ മുദ്രാവാക്യം വിളിച്ചതിന് കഴിഞ്ഞ ദിവസം കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തത്.