ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മോദിയെ കുറിച്ചുള്ളതല്ലെന്ന് മനസ്സിലാക്കണം. സ്വന്തം കാര്യമല്ല, സംസ്ഥാനത്ത് ബിജെപി എന്ത് ചെയ്യുമെന്നാണ് പറയേണ്ടതെന്നും രാഹുല്‍ വിമര്‍ശിച്ചു.
കോണ്‍ഗ്രസ് 91 തവണ അധിക്ഷേപിച്ചുവെന്ന് മോദി പറയുന്നു, പക്ഷേ കര്‍ണാടകത്തിന് വേണ്ടി ചെയ്തതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ തുംകുരു ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.
‘ഈ തിരഞ്ഞെടുപ്പ് നിങ്ങളെക്കുറിച്ചല്ല, കര്‍ണാടകത്തിനും അവിടുത്തെ ജനങ്ങള്‍ക്കുമുള്ളതാണ്. നിങ്ങള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വരുന്നത്, പക്ഷേ, വന്നിട്ട് കര്‍ണാടകയെക്കുറിച്ചൊന്നും പറയുന്നില്ല. താങ്കളെക്കുറിച്ച് മാത്രമാണ് പറയുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷം കര്‍ണാടകയ്ക്കു വേണ്ടി താങ്കള്‍ എന്ത് ചെയ്‌തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അടുത്ത അഞ്ച് വര്‍ഷം എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയണം. യുവജനങ്ങള്‍ക്കു വേണ്ടി വിദ്യാഭ്യാസ രംഗത്തിന് വേണ്ടി ആരോഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കണം’ രാഹുല്‍ പറഞ്ഞു.