ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച് മഞ്ഞപ്പട സൂപ്പർകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഐഎസ്എല്ലിലെ മോശം ഫോമും പരിശീലകൻ മിക്കേൽ സ്റ്റാറേയുടെ പുറത്താകലും ആരാധകകൂട്ടമായ മഞ്ഞപ്പടയുടെ നിസഹകരണവുമെല്ലാമായി പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് ടീമിന് പ്രതീക്ഷയേകി മിന്നും ജയം. 40ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ജീസസ് ജിമെനസ് ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. 64ാം മിനിറ്റിൽ നോഹ് സദോയിയലും വലകുലുക്കി.
മത്സരത്തിലുടീളം കൊൽക്കത്തൻ ക്ലബിനെ നിഷ്പ്രഭമാക്കിയാണ് കേരള ക്ലബ് മുന്നേറിയത്. ക്വാർട്ടറിൽ മോഹൻ ബഗാനാണ് എതിരാളികൾ. ചർച്ചിൽ ബ്രദേഴ്‌സ് ടൂർണമെന്റിൽ നിന്ന് പിൻമാറിയതോടെ വോക്ക് ഓവറിലൂടെയാണ് ബഗാൻ ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടർ മത്സരങ്ങൾ 26,27 തിയതികളിലായി നടക്കും. പുതിയ കോച്ച് ദവീദ് കറ്റാലയുടെ കീഴിൽ ഇറങ്ങിയ ആദ്യ മാച്ച് തന്നെ ആധികാരികമായി ജയിക്കാനായത് ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നൽകുന്നു.